ഇടിഞ്ഞു പൊളിഞ്ഞ വീട് (BROKEN HOME) Poem by Kumbalam Selvakumar

ഇടിഞ്ഞു പൊളിഞ്ഞ വീട് (BROKEN HOME)

പൊരി വെയിലാണ്

ഈ കുടയില്‍ കൂടാം

കഥകളിത്തിരി പറയാം

നമുക്കല്‍പ്പം നടക്കാം.

വെയില്‍ ചോരും കുടയാണ്

എങ്കിലും സഖീ

ഈ ചുമലില്‍ ചേര്‍ന്ന് നടക്കുക.

വയലുകളുടെ

ശവ പറമ്പുകള്‍ താണ്ടി;

ഒരല്‍പം നടന്നാല്‍

പഴയൊരു വീടാണ്

ഇടിഞ്ഞു വീണ പടിപ്പുരയാണ്

നടവഴി നിറയെ കറുകപ്പുല്ലാണ്.

എന്തേ മുഖം മങ്ങുന്നുവോ സഖീ

വീട്ടിലിനിയും എത്തിയില്ലയെന്നോ

ഏറെ നടന്നിട്ടും

ശവപ്പറമ്പുകള്‍ തീരുന്നില്ലയെന്നോ...

അന്തി മയങ്ങിയെങ്കിലും

നടക്കുക.

തളര്‍ന്നാല്‍

പഴങ്കഥകളുടെ

ഇളനീര്‍ കുടിച്ചു

ദാഹമകറ്റാം.

അപ്പോഴേയ്ക്കും

ഓര്‍മ്മചെപ്പുകള്‍ തുറക്കില്ലയോ

നമുക്കീ കഥകളില്‍ കൂടാം

അല്‍പ്പം കൂടി നടക്കാം.

കഥകള്‍ക്കുശേഷം

നാമങ്ങെത്തുമെങ്കില്‍

അതാണ് നമ്മുടെ വീട്.

നാല് കണ്ണുകള്‍ തമ്മിലുള്ള ദൂരം

രണ്ടുടലുകള്‍ തമ്മിലുള്ള

ദൂരത്തിലും കുറവെന്ന

യാഥാര്‍ത്ഥ്യം അറിഞ്ഞിടം

നമ്മുടെ വീട് - പഴയൊരു വീട്;

ഇടിഞ്ഞു പൊളിഞ്ഞ വീട്.
###

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success