ഞാൻ നടന്നടുക്കുമ്പോൾ
മൃദുമന്ദഹാസ മോഹനങ്ങളാം
നിൻ മിഴിയിണകളെൻ നേർക്കു
തിരിക്കാൻ നീ ധൈര്യപ്പെട്ടല്ലോ.
ആ കുഞ്ഞു കിടക്കയിലങ്ങിനെ
നിവർന്നിരിക്കുമ്പോൾ നീ-
യെത്ര മനോഹരിയായിരിക്കുന്നു!
സ്വപ്നിലം നമ്മൾതൻ വിവാഹനൃത്തം
ജ്വരിതമാം നിൻ തലക്കുള്ളിൽ
ഭാവനയിൽ സ്വദിച്ചുകൊണ്ട്
മൃദുവായ് നീ മന്ത്രിക്കുന്നു
നിന്റെ വിവാഹവസ്ത്രം നിന-
ക്കെത്ര നന്നായി ചേരുന്നെന്ന്.
(2)
പൂ നിറഞ്ഞ, കുട്ടിത്തം വിടരുന്ന
മറ്റൊരു മുറിയിൽ
നാമൊന്നായൊരുക്കിയ
ആ പ്രേമമധുരസംഗീതം
നീയിപ്പോഴും കേൾക്കുന്നില്ലേ?
ഉജ്ജ്വലം നിൻ തിളക്കത്തിലും
നിൻ മദഭരസുഗന്ധത്തിലും
മുങ്ങിപ്പോം നിഴലുകളാം ഓർമ്മകൾ-
തൻ മധുരുചിയിൽ നീ, യെൻ
ഹൃത്തിൻ രക്ഷക മയങ്ങി.
ക്ഷീണിച്ചുപോയ നഴ്സുമാരും
നഴ്സിങ് സഹായികളും
തന്റെ വധുവിനെ ആരോഗ്യ-
സമ്പന്നയായി കാണാൻ
കൊതിക്കും നക്ഷത്രമിഴികളുള്ള
പ്രതിശ്രുതവരനെ ഒളിഞ്ഞുനോക്കി.
മൃത്യുവിൻ ഗ്രസനത്തെ ഭയക്കാതെ
ബാഷ്പച്ഛിന്നമാം മുഖാവരണം
വലിച്ചുമാറ്റി, പലവട്ടമെന്നെ-
പ്പുണർന്നൊരമൂല്യമാമജ്ജീവന്റെ
ശോണാധരദ്വയങ്ങളിൽ
പ്രണയമുദ്രയർപ്പിച്ചു ഞാൻ.
(3)
നിന്നോടെനിക്കുള്ള പ്രണയമെനിക്കു
മരണകാരണമെന്നാലങ്ങനെ,
ദീർഘമാം ഒരു രോഗഹേതുവെന്നാലങ്ങനെ,
തമ്മിൽ നാം പങ്കുവെച്ച പ്രണയത്തിൽ നി-
ന്നെനിക്കാശയില്ലൊരു മോചനം.
ഇളം ചൂടു പകരും നിൻകരങ്ങളും
പുഞ്ചിരിയാൽ പ്രിയമേറും മിഴികളും
വിട്ടുപോകാനാവില്ലെനിക്കിപ്പോൾ.
പ്രണയത്തിൻ മധുരമെല്ലാം പങ്കുവെ-
ച്ചെന്നുമെൻ കൂടവേ താനിരിക്കണം നീ.