ജനുവരിയില്‍ ഒരു ഊഷരസ്വപ്നം Poem by Madathil Rajendran Nair

ജനുവരിയില്‍ ഒരു ഊഷരസ്വപ്നം

Rating: 5.0

ഈ കുന്നിന്‍ മുകളില്‍
പെയ്യാ മുകിലുകളെ നോക്കി ഞാന്‍
കവിതയെഴുതും പര്‍ണശാലയില്‍
ഒരു തുള്ളി ജലമില്ല
ഇടവപ്പാതി ചൊരിയാന്‍ മറന്നത്രെ
തുലാവര്‍ഷം ചതിച്ചത്രെ

ചതിക്കാതിരിക്കുമോ
പതിച്ച പാഴ്ജന്മങ്ങളെ?
കുളിരില്ല ജനുവരിയില്‍
കൊടും ചൂടില്‍ കിളി പാടാന്‍ മറന്നത്രെ
അവളേതോ ദാഹഭുമിയില്‍
ഹൃദയം പൊട്ടിപ്പതിച്ചത്രെ

ആരെനിക്ക് തരുമൊരിറ്റുജലം?
വരണ്ട ബിവറേജസ്സിന്‍
കുപ്പികള്‍ ചിരിച്ചാര്‍ത്തു
ജലശോഷിതമസ്തിഷ്കഭൂഗര്‍ഭത്തില്‍
ഒരുപാട് കിനാവുകള്‍ മുനിഞ്ഞസ്തം വച്ചു

എങ്കിലും ഞാനെഴുതാനിരിക്കുന്നു
വരണ്ട കുന്നിന്‍ മുകളില്‍ വെറുതെ
കരയും പേനയും പേറി
വരൂ കവിതേ
ഒരൂഷരസ്വപന കാകളിക്കാളിമയിവിടെപ്പരത്തൂ
ക്രൂരന്‍ സൂര്യന്‍ അതുകേട്ടാമോദിച്ച്
ശോണചന്ദനം ചാര്‍ത്തീടട്ടെ
മൂകശൈലത്തിന്നുഷ്ണിക്കും കഷണ്ടിയില്‍

മഴകള്‍ ബോധംകെട്ടു കിടന്നുറങ്ങും
ഇരുട്ടില്‍ നിന്നും പിടഞ്ഞുണരട്ടെ
പെയ്യും മുകില്‍മാലകള്‍ മയിലുകളേറി
വീണ്ടും ഇവിടമണയട്ടെ
ഉഷ്ണഭൂവിതില്‍ വീണ്ടും
സ്വപ്നങ്ങള്‍ തളിര്‍ക്കട്ടെ
കാവ്യനര്‍ത്തകി പാടിയാടട്ടെ
കാലില്‍ ചിലങ്കാനിസ്വനം കിലുങ്ങട്ടെ

Tuesday, January 17, 2017
Topic(s) of this poem: environment
COMMENTS OF THE POEM
Valsa George 18 January 2017

ഉഷ്ണഭൂവിതില്‍ വീണ്ടും സ്വപ്നങ്ങള്‍ തളിര്‍ക്കട്ടെ കാവ്യനര്‍ത്തകി പാടിയാടട്ടെ കാലില്‍ ചിലങ്കാനിസ്വനം കിലുങ്ങട്ടെ What wonderful lines! I hear the jingling of bracelets! Also the sound of thunder from far as Eliot heard in his Wasteland! Loved reading this!

1 0 Reply
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success