മീന്‍കറി Poem by SATHEESAN E S

മീന്‍കറി

മീന്‍കറി

ഞാനൊന്നു പറഞ്ഞാല്‍ അവള്‍ രണ്ടു പറയും
എങ്കിലും
രാവിലെത്തന്നെ ചത്തുമലച്ച രണ്ടയിലകള്‍ വാങ്ങി
അടുക്കളയിലെ ചട്ടിയില്‍ കൊണ്ടുവെച്ചു
അവള്‍ രൂക്ഷമായൊന്നു നോക്കി
ഒന്നു പറഞ്ഞാല്‍ അവള്‍ രണ്ടു പറയും, തീര്‍ച്ച

മീന്‍ കഴുകി മുറിക്കുമ്പോള്‍ അവളെന്നെ നോക്കി പറഞ്ഞു
'ഇതുപോലെ നിങ്ങളെ കഷണം കഷണമായി അറുക്കണം'
ഒന്നും പറയാതെ തന്നെ അവള്‍ രണ്ടു പറഞ്ഞു.

കറിയ്ക്കരയ്ക്കുമ്പോള്‍
'നിങ്ങളെ അമ്മിയില്‍ വെച്ച് ഇതുപോലെ കുത്തിച്ചതയ്ക്കണം'
എന്നു തന്നെയാകും അവള്‍ പിറുപിറുത്തത്

മീനില്‍ കുരുമുളകരച്ചു പുരട്ടുമ്പോള്‍
അവള്‍ പിന്നെയും പറഞ്ഞു
'ഇതു നിങ്ങടെ രണ്ടു കണ്ണിലും തേയ്ക്കാ വേണ്ടത്'
ഇപ്പോഴെങ്ങാന്‍ ഞാനൊന്നു മിണ്ടിയാല്‍
അവള്‍ രണ്ടല്ല സകലതും വിളിച്ചുപറയും

ഉച്ചയൂണിന് പൊരിച്ച മീനും കറിയും വിളമ്പിത്തന്ന്
അരികില്‍ ചേര്‍ന്നുനിന്ന്
അവള്‍ ചെവിയില്‍ ചോദിച്ചു
'മീന്‍കറി ഇഷ്ടായോ? '
'ഭേഷ്! '
ഇനി ഞാനൊന്നു പറഞ്ഞാല്‍
അവള്‍ക്കൊരായിരം പറയാനുണ്ടാകും

എത്രകാലമായി അവളെന്നെ
അരിശംകൊണ്ടു വെട്ടിനുറുക്കി
രുചികരമായ മീന്‍കറി വെക്കുന്നു!

Sunday, July 17, 2016
Topic(s) of this poem: social
POET'S NOTES ABOUT THE POEM
family
COMMENTS OF THE POEM
Jazib Kamalvi 01 April 2018

Seems A good start with a nice poem, Satheesan. You may like to read my poem, Love And Iust. Thank you.

1 0 Reply
Satheesan Es 19 July 2016

request to translate this poem to english

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success