നിശബ്ദപ്രാര്‍ത്ഥന Poem by SATHEESAN E S

നിശബ്ദപ്രാര്‍ത്ഥന

തെക്കേമുറിയില്‍,
അഴുക്കുകെട്ടിയ കയറ്റുകട്ടിലില്‍,
ആര്‍ക്കും വേണ്ടാതെ
അയാള്‍ ചുരുണ്ടുകിടന്നു.
ഇക്കാലമത്രയും
അയാളിരുന്ന കസേര,
കയ്യുംകാലുമൊടിഞ്ഞ്
അപ്പുറം കിടപ്പുണ്ട്.
സായംസൂര്യന്‍
തിരക്കിട്ട്
അയാള്‍ക്കുമേല്‍
കോടി പുതച്ചു.

ചിരി വറ്റി,
മുഖം കോടി,
കയ്യുംകാലും വില്ലുപോലെ വളഞ്ഞു.
അപ്പോഴും
ആ എല്ലിന്‍കൂടിലെവിടേയോ
പ്രാണന്‍ പതുങ്ങി.

ഒരു മനുഷ്യായുസ്സിന്നൊടുവില്‍
കാലം അയാള്‍ക്കു സമ്മാനിച്ചതെല്ലാം
വിരൂപവും ദയനീയവുമായിരുന്നു.

മക്കളും ബന്ധുക്കളും അടുത്തുണ്ട്.
ഓര്‍മ്മ പോയെന്ന്,
ഇനിയാരേയും പേരെടുത്തുവിളിക്കില്ലെന്ന്,
കണ്ണു മിഴിക്കില്ലെന്ന്,
അവരടക്കം പറഞ്ഞു.
ക്ഷമയറ്റ് ചിലര്‍ പോയി,
ചിലര്‍ വന്നു,
നടന്നു,
ഇരുന്നു,
കിടന്നു,
കോട്ടുവായിട്ടു.

ഒരനക്കം,
ഒരു ഞരക്കം,
അതവസാനത്തേതാകണമേയെന്ന്,
നിശബ്ദമായി പ്രാര്‍ത്ഥിച്ചു.

ഇപ്പോഴും
ഒരു നിശബ്ദപ്രാര്‍ത്ഥനപോലെ
അയാളവിടെത്തന്നെ കിടപ്പുണ്ട്.

Monday, July 18, 2016
Topic(s) of this poem: sadness
POET'S NOTES ABOUT THE POEM
old
COMMENTS OF THE POEM
Satheesan Es 19 July 2016

request to translate the poem to english

0 0 Reply
Unnikrishnan E S 01 April 2018

A translation of the poem is posted on my page. Please do read.

0 0
Close
Error Success