പ്രതിഭ Poem by Shelvakumari Thachayil

പ്രതിഭ

ഒരു തിരിനാളമാണെന്നിൽ നീ
ഒരു വേളയെന്മനസ്സിൻതെളിച്ചമായ്
ഒരു പുലര്കാലരശ്മി പോൽ
ഒരു ഹിമബിന്ദു തൂവിയെൻ
ഒരു കോണിലെന്നും വസിക്ക നീ

അനുവാദമില്ലാതെ ഞാനെൻ
അകതാരിലെന്തോകുറിച്ചു
അരികിലായുണ്ടെന്നപോലെ
അരുമയോടെന്നുമീ മൃദു സ്മേര മെന്നിലോ
അനുഭൂതിയായ് തീർന്നുവെന്നോ

മനസ്സെന്ന മാന്ത്രികജാലം
മൗനമായ് സംവദിച്ചാലും
മനുഷ്യന്റെ കാഴ്ചയിലെല്ലാം
മതിക്കാത്ത ചിത്രങ്ങളാകെ
മതിപ്പേറെയാണെനിക്കെന്നും.

ഉരുകുന്ന മെഴുകുപോലെന്നും
ഉൾത്തടം തേഞ്ഞൊരാകാലം
ഉണ്മയെ തേടിഞാൻപോകെ
ഉന്മാദമായ് നിൻപദങ്ങൾ
ഉയിരിന്നുണർവായിരുന്നു

പ്രതിഭയെ മാനിപ്പവർക്കോ
പ്രകൃതമായ് തീരുന്നതെല്ലാം
പ്രണയമായ് മാറുന്നപോലെ
പ്രസരിക്കയാണെന്റെ ചുറ്റും
പ്രണവമെന്നാത്മാവിലെന്നും.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Shelvakumari Thachayil

Shelvakumari Thachayil

Kozhikode, Kerala
Close
Error Success