അപ്പൂപ്പന്‍ താടി Poem by Vinod Varma

അപ്പൂപ്പന്‍ താടി

കാലങ്ങളേറെ മുമ്പ്, കുഞ്ഞുന്നാളില്‍ മറന്നെവിടെയോ വിട്ടുവന്ന അപ്പൂപ്പന്‍ താടി….എന്നുമെന്‍ മുറ്റത്തു കളിക്കൂട്ടായ് വരാറുണ്ടായിരുന്ന, നിഷ്കളങ്കമായ ഇളം മനസ്സുപോലെ എങ്ങും പാറി നടന്ന എന്റെ പ്രിയ തോഴന്‍… ഇന്നിതാ, ലോകം നിറയുന്ന മായികവലയുടെ കണ്ണികള്‍ക്കിടയിലൂടെ എന്നെ തേടി വന്നു.

കാലമേറെ കഴിഞ്ഞിട്ടും അപ്പൂപ്പന്‍ താടിക്കു ഇന്നും ഒരു മാറ്റവുമില്ല. ഞാന്‍ എന്റെ പഴയ സുഹ്രിത്തിനെ തിരിച്ചറിഞ്ഞു. പക്ഷേ, അപ്പൂപ്പന്‍ താടിയെന്നെ തിരിച്ചറിഞ്ഞുവോ? കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ടൊഴുകുമ്പോള്‍ എവിടെയോ വഴിയില്‍ ഞാനെന്നെ സ്വയം മറന്നുവച്ചു

ചക്രവാളസീമയിലെ സ്വര്‍ണദ്വീപില്‍ സ്വര്‍ഗം തിരയുന്ന നാഗരികതയുടെ കൊടുംവെയിലിലെന്‍ മിഴിനീര്‍ പുഴവരണ്ടതും, ആള്‍ത്തിരക്കിലേകന്തതയുടെ അതിശൈത്യത്തിലെന്നോ എന്റെ മനസ്സ് മരവിച്ചൊരു പാറപോലെയുറച്ചതും, അറിയാതെയോര്‍ത്തുപോയി.

അപ്പൂപ്പന്‍ താടിയുടെ മ്രിദുലമാം സ്നേഹസ്പര്‍ശത്തില്‍ ഞാനുണര്‍ന്നു. അകമേ വിരിയുമൊരു നിര്‍മ്മല സുഖകുസുമത്തിന്‍ മന്ദസ്മിതം തൂവി, വാല്‍സല്യനിധിയായ് എന്നോടു ചോദിച്ചു ‘എന്തേ തളര്‍ന്നുവോ, സഖേ? മാനവജീവിതസുഖമാം മായാമരീചിക തേടിയുള്ള യാത്ര നിന്നെയും വലച്ചുവോ? നിന്‍ ജീവശ്വാസത്തിന്‍ അനന്ദാമ്രിതപാത്രമുടഞ്ഞുവോ? നാമൊന്നിച്ചിരുന്ന് കാതോര്‍ത്ത് നുകര്‍ന്ന നിന്‍ ചിദാകാശത്തിലെ ഗംഗാപ്രവാഹത്തിന്‍ കളകളാരവം മറന്നുവോ?

മടങ്ങുക, ആ ഗംഗാപുളിനങ്ങളിലേക്കു വീണ്ടുമൊരാത്മശാന്തിക്കായി. പുനര്‍ജനനങ്ങളില്ലാത്ത നിത്യാനന്തത്തിനായ്

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Vinod Varma

Vinod Varma

Tripunithura, Kerala (India)
Close
Error Success