അവൾ Poem by Madathil Rajendran Nair

അവൾ

അവളാരായിരിക്കാം?
പുലർച്ചക്കാറ്റിന്നീരടിയോ,
പുറത്തെ കരിയിലക്കലപിലയോ,
വിയർപ്പിൻ കൈതപ്പൂമണമോ,
കത്തിപ്പടരാൻ വിതുമ്പുമൊരു
സ്ഫുലിംഗത്തിന്നുഷ്ണശിഖയോ?
ഞാനറിഞ്ഞില്ല, ഞാനുറങ്ങിയില്ല.

കിനാവുകളുടെ പിൻലഹരിയോ,
വിടാതെ പിൻതുടുരുമോർമ്മകളുടെ മധുരമോ,
സരസ്വതീയാമം പാടും താരാപഥരാഗമോ,
അറിയാഗ്രന്ഥികളുടെ മൃദുസ്മേരമോ?
ഞാനറിഞ്ഞില്ല, ഒരു പോള കണ്ണടച്ചില്ല.

കാശിത്തുമ്പകളുടെ നടനമാവാമവൾ,
പാവം പുൽക്കൊടിയുടുക്കും നീഹാരമാകാം,
അതിൻ കുളിരാകാം,
മുക്കുറ്റിപ്പെണ്ണിൻ മഞ്ഞണിമൂക്കുത്തിയാകാം,
രൂപഭാവങ്ങളില്ലാത്തോരമൂർത്തമധുരിമയായ്
ഞാനെന്ന ബോധമുടലെടുത്തമാത്രമുതലവളെന്നിലൊരു
ജനിതകനീലിമയായ് പടർന്നിരുന്നു.
ഞാനറിഞ്ഞില്ല, അറിഞ്ഞതേയില്ല.

ബാല്യത്തിൻ വിഭാതത്തിൽ
കിടാങ്ങളുടെയൊരു പ്രാർത്ഥനായോഗത്തിൽ
അരുണഭാസ്കരകിരണം തഴുകും
അഴകെഴുമൊരു കപോലത്തിൽ
പിന്നെ ഞാനവളെക്കണ്ടു,
നീലപ്പാവാടത്തുമ്പിലും
മായും കൺമഷിച്ചാർത്തിലും
കാൽചുവടുകളുടെ നടനത്തിലും.

വിദ്യാലയമണിയടികളിൽ,
മടക്കവഴിത്താരകളിലെ കുണുങ്ങിച്ചിരിക്കലിൽ,
കരിവളക്കിലുക്കങ്ങളിൽ, പാദസരസംഗീതത്തിൽ,
ഞാനവളെക്കേട്ടു.

നാലുമണിപ്പുക്കളിൽ,
വേലിക്കലെ സാന്ധ്യഗന്ധങ്ങളിൽ,
പേരറിയാത്തേതോ ഷഡ്പദത്തെപ്പോലെ
ഞാനവളെ മണത്തു.
അതെല്ലാമെനിക്കൊരു രൂപസങ്കല്പം തന്നു.

നിഴൽനീളും കലാലയവരാന്തകളിൽ,
ആംഗലകാവ്യഭംഗിതൻ മേച്ചിൽപുറങ്ങളിൽ,
കാവ്യനർത്തകി മലയാണ്മയുടെ കാൽചിലമ്പൊലിയിൽ,
പുസ്തകം മാറോടണച്ചുനീങ്ങും നതോന്നതകളായ്,
മൂർത്തമാം ഉയിരിന്നുഷ്ണമായ്,
പിൻതുടർന്നെന്നെയവൾ വിവശനാക്കി,
അവസാനമൊരുമണിയറയിലേക്ക് തള്ളി
മുല്ലപ്പുക്കളായ് ചിരിച്ചുചതയുമൊരുന്മാദമാക്കി മാറ്റി.

കടമകളുടെ പടവുകളേറിത്തളർന്നും
ജീവോഷ്ണപ്പറമ്പുകളിൽ വിയർത്തും
വേച്ചാഞ്ഞ് മുന്നോട്ട് നീങ്ങവെ,
ദൂരഗിരിശൃംഗങ്ങളിലവളെത്തും
തുലാവർഷമേഘമായ്,
ചെരിയും സായാഹ്നങ്ങളിൽ പെയ്തൊടുങ്ങാൻ,
സിരകളിലൊരുകോടി തടിനികളൊഴുക്കാൻ.

ഇന്നിതാ മുക്കാൽശതകവയസ്സിൻ
കത്തിത്തീരും ചാരമടയിലെ
ജഡാലസ്യത്തിൽ ഞാൻ നടുനീർക്കവെ,
അവളെത്തിനിൽക്കുന്നു സാന്ധ്യരാഗത്തിൽ,
ജനിമൃതികളിലൂടെ എന്നെയനുഗമിക്കാൻ,
പുതിയതാമൊരു ബാല്യത്തിലെ പൂമണക്കും
പുലർച്ചകളിലെന്നെ വീണ്ടുമവശനാക്കാൻ,
പിരിയാൻ വിടാത്ത സുന്ദരി!

ഹൊ, ആരിവൾക്ക് പ്രണയമെന്ന് പേരിട്ടു? ....

അവൾ
Wednesday, March 11, 2020
Topic(s) of this poem: love,valentines day
POET'S NOTES ABOUT THE POEM
My fb post on Valentine's Day 2020
COMMENTS OF THE POEM

After a long wait for such a nice. Poem

1 0 Reply

Thanks a lot, Ramachandran-ji. Please keep in touch.

0 0
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success