ഹേ രാം, ഹേ രാം Poem by Madathil Rajendran Nair

ഹേ രാം, ഹേ രാം

ഇതെൻറെ ആദ്യമൊഴി, ജീവിതമൊഴി, യാത്രാമൊഴി:
"ഹേ രാം, ഹേ രാം".

അല്ല, യാത്രയാരോട് പറയാൻ,
എവിടേക്ക് ഞാൻ പോകാൻ,
ഗമനവുമാഗമനവും ഞാനാകവെ,
അവിടവുമിവിടവുമെല്ലാടവും ഞാനെന്നറികെ,
"അണോരണീയാനെ"ന്ന് സ്മൃതിഹൃദന്തം നിർത്താതെ പാടവെ,
അറിവായ് സർവ്വവും ഞാനെന്ന് കാണവെ,
ചരാചരങ്ങളാകെ എന്നിൽ കുറുകിയുറങ്ങവെ,
അതിരില്ലാത്തൊരു പൂവനമായ് ഞാൻ
പ്രപഞ്ചപ്പാരിജാതം പൂത്തുനിൽക്കവെ?

ഇതെൻറെ ആത്മസത്തയുടെ മൊഴി, യാത്രാമൊഴി,
ഉപനിഷദ്മൊഴി: "ഹേ രാം, ഹേ രാം".

രണ്ടായിരത്തിൽപ്പരമാണ്ടുകൾക്കകലെ
പെരുതാമൊരുകുരിശും മുതുകിലേന്തി
പൊരിയും വെയിലിൽ ഞാൻ നടന്നു
നഗ്നപാദനായ് മരുമേടുകൾ താണ്ടി.

വണ്ടിക്കാളയെപ്പോലവരന്നെയപ്പോൾ
ചാട്ടവാറാലടിച്ചു അതിക്രൂരം പിന്നിൽനിന്നും,
തെറിവിളിച്ചു കല്ലെറിഞ്ഞു,
മലയോരനടവഴികളിലെൻറെ നിണമൊഴുക്കിച്ചിരിച്ചു,
ഒടുവിൽ ഞാനേന്തിയ കുരിശിൽത്തന്നെയെന്നെയാണികളടിച്ചുതറച്ചു.
പാടി ഞാനപ്പഴും: "കർത്താവെ, പൊറുക്കുകിവരോട് ദയവായ്".
അതെൻറെ അവസാനമൊഴി, യാത്രാമൊഴി.

അല്ല, ഞാനെവിടെപ്പോകാൻ,
എല്ലാം ഞാനെന്നറിയവെ,
കനക്കും കുരിശും, തുളച്ചുകേറുമാണികളു-
മെൻറെ നോവും, നിണവും, ദൂരെ ജ്വലിച്ചമരും സൂര്യനും, ആർത്തുവിളിക്കുമെൻ പീഢകരും,
എല്ലാം ഞാനെന്നറിയവെ,
ഒരേപ്രിലിൻ ദുഃഖസാന്ധ്യരാഗത്തിൽ?

ജനുവരിമാസാന്തക്കുളിരിൽ,
ഇനിയുമിതാ വിറക്കൊണ്ടു ഞാൻ നടക്കുന്നു,
പൊടിയുമെൻ അൽപവസ്ത്രദേഹമൊരു വടിയാൽതാങ്ങി,
പടിയും ഭാരതത്തിന്നോമനഭാവുകങ്ങൾക്ക് നടുവിൽ,
വിടപറയുമൊരു സായാഹ്നത്തിൽ,
ഇത് പ്രാർത്ഥനാനേരം,
ഇത് രവി ഗർഭഗൃഹം തേടും യാമം.

ഇവിടെ, ഈ ക്ഷേത്രാങ്കണത്തിൽ
ഇപ്പോൾ നീ വരുമെന്നെനിക്കറിയാം, രാമാ,
വിഫലം കുരയ്ക്കുമൊരു തോക്കുമേന്തി.
വിസ്ഫോടകമാം നിൻറെ രോഷങ്ങളെനിക്കറിയാം,
തിളച്ചുനിന്നുള്ളിൽ പൊട്ടിച്ചീറ്റും ജ്വാലാമുഖികളെയുമെനിക്കറിയാം,
വിറക്കരുത് കൈ, കാഞ്ചി വലിക്കെ,
പതറരുത് നിൻ മുഖം നോക്കി ഞാൻ
പല്ലില്ലാ മോണകാട്ടിച്ചിരിക്കുമ്പോളെൻറെ രാമാ.

വെടിയുണ്ടകളെൻറെ നെഞ്ചിലേറവെ,
വേദന ഞാനാം ബോധത്തിൽ
നിണശ്ശോണിമയായ്, പ്രപഞ്ചമാധുരിയായ്, ക്ഷീരപഥശോഭയായലിഞ്ഞുചേരവെ,
ഒന്നേയുള്ളു മൊഴി, അവസാനമൊഴി, എന്നുണ്ണീ നിനക്കായ്,
നിൻറെ ഭാരതത്തിനുമീവിശ്വത്തിനുമാകെയായ്
പ്രപഞ്ചോപശമനയാത്രാമൊഴി:
"ഹേ രാം, ഹേ രാം".

ഹേ രാം, ഹേ രാം
Wednesday, March 11, 2020
Topic(s) of this poem: farewell
POET'S NOTES ABOUT THE POEM
Written on the death anniversary of Mahatma Gandhi 2020 (Jan 30)
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success