കുദ്രേമുഖ് Poem by Madathil Rajendran Nair

കുദ്രേമുഖ്

Rating: 5.0

അദ്വൈതം വർഷബാഷ്പമായ് പെയ്തൊഴുകുമശ്വമുഖം
ശൃംഗേരീതട ശാരദാക്ഷേത്രഗോപുരാവലി നോക്കിത്തൊഴും
ചരിത്രാതീത വിശ്വഭാവന പണിതുയർത്തിയ
മഹാഭൂതലവിസ്മയപ്രസാദം!
താരാചുംബിതമഹാഗിരിശൃംഗമസ്ത്കം!

അശ്വമുഖം സത്യാന്വേഷണവ്യഗ്രം!
അസ്തിത്വത്തിന്നുണ്മ തേടി
അജ്ഞാനക്കൂരിരുൾ മേഘാവലിക്കെതിരെക്കുതിക്കും
മാനുഷപുരുഷാർത്ഥത്തിൻ ഹയമുഖം!

ഈ മലയടിവാരത്തിൽ കൊടും വിപിനത്തിൽ
ഹസ്തിവ്യാഘ്രഗർജ്ജനങ്ങൾ ശ്രവിച്ചു പതറാതെ
കണ്ടകാകീർണ്ണ വനവഴിത്താരകളിൽ ചരിച്ചത്രെ പണ്ട്
ഒരുപിടി നഗ്നപാദരാം അന്വേഷികൾ
ഭാരതസുകൃതികൾ

അവരിലൊരു ശങ്കരനുണ്ടായിരുന്നു
കാലടിക്കാരൻ
ഓരോ കാലടിവയ്പിലും ശാരദയുടെ
മഞ്ജീരനിസ്വനം കേട്ട് കോരിത്തരിച്ചവൻ
തുംഗാപുണ്യനദിയിൽ കുളിച്ച്
ഗായത്രീമന്ത്രം ജപിച്ച്
കിഴക്കുദിക്കും ജ്ഞാനരവിക്ക്
നിത്യം അർഘ്യമേകിയവൻ
അദ്വൈതബാലഭാസ്കരൻ!

ഗിരിശൃംഗമേ, ഭാരതയാഗാശ്വമുഖമേ,
കാർമേഘാവലിതലോടും നീയെത്ര ഭാഗ്യവാൻ!
തലയൊന്നുതാഴ്ത്തൂ, കുമ്പിടൂ,
താഴെ അമ്മ വിദ്യാശാരദവിളിക്കുന്നു
ജ്ഞാനത്തിൻ പഴുത്ത പ്രസാദപ്പഴമുണ്ടുണരാൻ

ബഹിരാകാശനക്ഷത്രം നോക്കി വൃഥാ പാഴാക്കാതെ ജീവിതം
അമ്മതൻ പക്കലുണ്ട് നീ തേടുന്ന സത്യം
വേഗം ചെല്ലൂ, ശിരം കുനിയ്ക്കൂ, ശ്രവിക്കൂ
അശ്വമുഖമേ! അജ്ഞാനമേഘാവലിക്കെതിരെക്കുതിക്കും
ഭാരതചേതനതൻ തടുക്കാനാവാത്ത യാഗാശ്വമേ!
ദക്ഷിണാചലനിരകൾതൻ ഉത്തുംഗാന്വേഷണവ്യഗ്രശിരമേ!
ഹയമുഖമേ! അത്യുന്നതമഹാഗിരിശൃംഗമേ!

Wednesday, May 23, 2018
Topic(s) of this poem: philosophical
POET'S NOTES ABOUT THE POEM
Kudremukh is a grand peak south of Shringeri in Karnataka State (India) .It literally means "horse face".This poem was written after a visit to Shringeri, which is a spiritual place of learning famed for the Shringeri Mutt and temple of Sharada Devi established by Adi Shankara.
COMMENTS OF THE POEM
Valsa George 24 May 2018

തലയൊന്നുതാഴ്ത്തൂ, കുമ്പിടൂ, താഴെ അമ്മ വിദ്യാശാരദവിളിക്കുന്നു ജ്ഞാനത്തിൻ പഴുത്ത പ്രസാദപ്പഴമുണ്ടുണരാൻ What a powerful exhortation! What powerful diction! Though I am a Malayalee, I tumble and fall on the rocks of the hard words used by you! I am sure you were awed by your visit to Shringeri! Top marks!

1 0 Reply
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success