Good Bye, Jamlo Makdamയാത്രാമൊഴി, ജംലോ മക് ദം Poem by Radhakrishnan C K

Good Bye, Jamlo Makdamയാത്രാമൊഴി, ജംലോ മക് ദം

യാത്രാമൊഴി, ജംലോ മക് ദം
******************************
സാലമരം പൂക്കും കാലം,
പൂമരത്തിൻ തോളുരുമ്മി,
പുഷ്പശയ്യകളിൽ പദമൂന്നി,
നിലം തൊടാമോഹിനികൾ,
നൃത്തമാടാനെത്തുന്നോ,
കിനാക്കാൺമൂ,
ജംലോ മക് ദം,
ഒരുവേളയവളുടെ
യമ്മ ചൊന്ന കഥയിലെ
യക്ഷികളാവാം.
വീടിതാ മുന്നിലായി,
ബാബ വന്നു കൈ പിടിക്കും,
അമ്മയെന്നെ ചേർത്തണക്കും,
കഞ്ഞി ചുണ്ടിലനത്തുന്നു,
കുഞ്ഞാടു വിളിക്കുന്നു,
അന്നത്തിന്റെ, ദാലിന്റെ,
കടുകിന്റെ നറുമണം...
സാല വൃക്ഷമമ്മയായി,
പൂക്കളന്നമണികളായ്,
വഴിയരികിൽ,
ഛത്തീസ്ഗഡിൽ,
കാട്ടിലൊരു മരചോട്ടിൽ
അവസാന ശ്വാസത്തിൽ,
വീട്ടിലെക്കൊന്നെത്തിനോക്കി,
വിശപ്പോടെ വീണടിഞ്ഞ,
തെലുങ്കാന മണ്ണിലേറെ
വേല ചെയ്ത കൗമാരമേ,
ഭാരതത്തിൻ പ്രിയ പുത്രി,
ജംലോ മക് ദം.
ഇതു നേര റിയും കവിതതൻ
നീറുന്ന കരൾ നേരും
യാത്രാമൊഴി.
ബാലവേലക്കെണികളിൽ,
വാരിയെല്ലു തകർന്നൊ -
ടുങ്ങാത്ത വേദനയിൽ, വിശപ്പിന്റെ തീക് ഷണതയിൽ,
കൂർത്ത മുള്ളോ കൂരിരുട്ടോ,
വെയിലെന്നോ തണുപ്പെന്നോ,
രാത്രിയെന്നോ പകലെന്നോ,
ഭേദമില്ലാതലയുന്നൂ കാതമേറെ,
വീടു പറ്റാൻ ജം ലോയും കൂട്ടുകാരും.
വഴികളെല്ലാമടച്ചു പൂട്ടി,
ഉയരത്തിൽ പറക്കുവോർ -
ക്കവളൊരു മഞ്ഞു തുള്ളി,
കാട്ടുവഴികളിൽ ചിതറു -
വോരു റുമ്പുകൾ മാത്രം.
മുളകിന്റെ ചെമ്പട്ടുകളങ്ങ -
ളിലെരിയുന്ന കൗമാരങ്ങൾ,
കറുത്ത പൊട്ടുകൾ മാത്രം.
നാമടച്ച വഴികൾക്കു -
മപ്പുറത്തു മുഴങ്ങുന്നു,
വിശക്കുന്ന കൗമാരങ്ങൾ
ചിതറുന്ന കരുത്തുകൾ
കണ്ണീർകടലിരമ്പങ്ങൾ.

POET'S NOTES ABOUT THE POEM
ജംലോ മക് ദം: നീണ്ടുപോയ ലോക് ഡൗൺ ദിനങ്ങളിൽ, തെലുങ്കാനയിലെ
മുളകുപാടങ്ങളിൽ നിന്ന്, വേലയും കൂലിയും നഷ്ട്ടപ്പെട്ട് 150 കിലോ മീറ്റർ
അകലെയുള്ള ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലേക്കു കാട്ടുവഴികളിലൂടെ നടന്നു
വീടിനടുത്തുമ്പഴേക്ക്‌വിശന്നു തളർന്നു വീണു മരിച്ച പന്ത്രണ്ടുകാരി
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success