സ്വപ്ന നാട്ടിലെ മാപ്പിൾ മരച്ചുവട്ടിൽ ഒരു ദിനം Poem by Nithya Balachandran

സ്വപ്ന നാട്ടിലെ മാപ്പിൾ മരച്ചുവട്ടിൽ ഒരു ദിനം

....................................................

ഇതുവരെ കാണാത്തൊരു നാട്ടിലെ

വിജനമാം പ്രദേശത്തെ ഭംഗിയേഴും

ഒരു മാപ്പിൾ മരത്തിൻ തണലിൽ

ഇരിക്കണമെനിക്കു, ഒരുദിനമെങ്കിലും
.
.
.
താമ്ര വർണപ്രഭചൊരിയും

മാപ്പിൽ ഇലകൾ തൻ സൗന്ദര്യം

കണ്കുളിർക്കെ കണ്ടിരിക്കണം,

മതിമറന്നേറെ നേരം, ശാന്തമായ്
.
.
.
എന്നിട്ടാ ആ സുന്ദരവൃക്ഷത്തിൻ

മനോജ്ഞമാം ചിത്രം ഒരു കവിത

യായെൻ മനസ്സിൽ കുറിയ്ക്കണം.

പിന്നെയതു ഈണത്തിൽ മൂളിടേണം
.
.
.
ശീതമാം കാറ്റിൻ തലോടലേറ്റ്

ഒരു പുസ്തകം വായിക്കണം.

ആ മരച്ചുവട്ടിലിരുന്നെനിക്ക്

ഒരു ചാറ്റൽ മഴ നനഞ്ഞിടേണം
.
.
.
പേരറിയാത്ത കിളികളുടെ

കളനാദം കേട്ടൊന്നു മയങ്ങണം

മഴവിൽ ആഴകുള്ള സ്വപ്നങ്ങൾ

വിരുന്നുകാരായ് എത്തിടേണം
.
.
.
മനസ്സിൽ വിരിയുന്ന ചിന്തകൾ,

ഒരു മയിൽ‌പീലി തുണ്ടിൽ മഷി

പുരട്ടിയെനിക്കൊരു കടലാസ്സിൽ

അക്ഷരങ്ങളാക്കി മാറ്റിടേണം.
.
.
.
ആ മരത്തതണലിൽ പ്രിയമേറും

മധുരഗീതങ്ങൾ കേട്ടിരിക്കുമ്പോ

ഴെൻ മനം ഒരു പുഴയെന്നപോൽ

സ്വച്ഛ ശാന്തമായ് ഒഴുകിടേണം
.
.
.
സായംസന്ധ്യതൻ സുവർണ്ണ കാന്തി

ആവോളം ആസ്വദിച്ചിരുന്നെനിക്ക്,

ആ ദൃശ്യജാലങ്ങൾ തീർത്ത ചിത്ര

കാരനായൊരു സ്നേഹഗീതം പാടിടേണം
.
.
.
രാത്രിയിലെ മരംകോച്ചും തണുപ്പി

ൽ മൂടിപുതച്ചിരുന്നു തീകായുമ്പോൾ,

മധുരതരമൊരു രാക്കിളിപാട്ടെൻ കാതു

കളിൽ സംഗീതമായ് പൊഴിഞ്ഞിടേണം
.
.
.
മേൽക്കൂരകളില്ലാതെ, ആ രാത്രി,

എനിക്ക് വാനിൽ മിന്നും താരങ്ങളെ

നോക്കി എന്റെ സ്വപ്ന നാട്ടിലെ

മാപ്പിൽ മരച്ചുവട്ടിൽ അഴലുകളെ

ല്ലാം മറന്നൊന്നു കിടന്നുറങ്ങിടേണം!

സ്വപ്ന നാട്ടിലെ മാപ്പിൾ മരച്ചുവട്ടിൽ ഒരു ദിനം
Monday, November 30, 2015
Topic(s) of this poem: tree
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success