ഞങ്ങൾ ആറുപേരായിരുന്നു Poem by Madathil Rajendran Nair

ഞങ്ങൾ ആറുപേരായിരുന്നു

ഞങ്ങൾ ആറുപേരായിരുന്നു
അഞ്ചാണും ഒരുപെണ്ണുമായിരുന്നേ
ഇന്നലെ ഒരുകിളി പാടിപ്പോയി
അത് പെൺകിളിയായിരുന്നേ

അഞ്ചാണുമാത്രമിന്നു ബാക്കി
കുത്തിയിരിക്കുന്നു മാനം നോക്കി
വിണ്ണിൻറെ കോലായിലേതോചെക്കൻ
റബ്ബറുമായി നടപ്പുണ്ടത്രെ

ഭൂവിൽ വിരിയുന്ന ചിത്രമെല്ലാം
മാച്ചുകളിപ്പാനവനു രസം
കാലമെന്നവനാരോ പേരിട്ടത്രെ
ഈശ്വരനെന്നു ചിലർ വിളിപ്പു

റബ്ബറുമായവൻ ബാക്കി ചിത്രം
മായ്ക്കുവാനെപ്പോളണഞ്ഞീടുമോ
കിങ്ങിണികെട്ടിയ ബാലനവൻ
പാലാഴിപ്പുഞ്ചിരി തൂകുന്നവൻ

ഓമനത്തിങ്കൾക്കിടാവേ വരൂ
അഞ്ചുപേർ നിന്നെയും കാത്തിരിപ്പു
പ്രാരബ്ധവസ്ത്രമഴിച്ചു മോദാൽ
പാലാഴിയിൽക്കുളിച്ചോർമ്മ തീർക്കാൻ

ആറുവേഷങ്ങളും മാച്ചുവെങ്കിൽ
ശൂന്യതമാത്രമേ ബാക്കിയാവൂ
വ്യോമമാകാമത് താരാവിഹീനമാം
ആകാശതുല്യമാം ബോധമാകാം

അവിടെ നീയെത്തുമോ കൂട്ടാ വീണ്ടും
തൂലികയേന്തി രചിക്കാൻ ചിത്രം
ആറുപേരുള്ളോരു വർണ്ണചിത്രം
അഞ്ചാണൊരുപെണ്ണിൻ മിഥ്യാചിത്രം

ആ ശൂന്യത ഞാനെന്ന് കേട്ടിട്ടുണ്ട്
ബോധമെന്നെന്നെ വിളിപ്പൂ ചിലർ
അതു നീ പിറക്കുന്ന ജന്മസ്ഥലം
കാലപ്രഭവഗംഗോത്രീതടം

അതിനാലെന്നുണ്ണീ നീ വീണ്ടും വീണ്ടും
വരിക ചിത്രങ്ങൾ രചിച്ചീടുക
മാച്ചുരസിക്കുക സൃഷ്ടിയില്ലേൽ
ബോധസത്തക്കിനിയെന്താണർത്ഥം?

ഞങ്ങൾ ആറുപേരായിരുന്നു
Monday, January 6, 2020
Topic(s) of this poem: death
POET'S NOTES ABOUT THE POEM
We were six - five brothers and one sister.The lone sister passed away yesterday.
COMMENTS OF THE POEM
Kelly Kurt 06 January 2020

I wish I could read this. You have my sypathies. I am one of six too. I hope I am the first to go.

0 0 Reply
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success