സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കവിത Poem by Veerankutty

Veerankutty

Veerankutty

Kozhikode District, Kerala, India

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കവിത

പറക്കൽ മതിയാക്കി
ചിറകിൽനിന്നും ഒരു തൂവൽ
താഴേയ്ക്കു പോന്നു.
ഞാൻ അതിനെയെടുത്ത് മഷിയിൽമുക്കി
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കവിത
തുടങ്ങിവെയ്ക്കുന്നു.
അപ്പോൾ അതു പറയുകയാ‍ണ് :
"തൂവൽ ഒരിക്കലും സ്വാതന്ത്ര്യത്തെ അറിയുന്നേയില്ല ,
അതു ചിറകിൽ ബന്ധിതമായതിനാ‍ൽ.
ചിറകു പോകുന്നിടത്തോളം അതുംപോകുന്നു
ചിറകൊതുക്കുന്നേടത്ത് ഒതുങ്ങുന്നു എന്നേയുള്ളു.

ചിറകിന്റെ കാര്യവും അതുപോലെ.
അതിനുമില്ലല്ലോ സ്വാതന്ത്ര്യം,
അതു കിളിയുടെ ഉടലിൽ ബന്ധിതമാകയാൽ.
ഉടലിന് അകമ്പടിപോയിപ്പോയി അതിനു മടുത്തുകാണും.

ഉടലിന്റെ കാര്യവും കഷ്ടം.
നുണഞ്ഞിട്ടില്ല അതും പരമമായ സ്വാതന്ത്ര്യം
ഉടൽ മനസ്സിന്റെ തടവിലാകയാൽ.

മനസ്സിന്റെ കാര്യവും ഒട്ടും മെച്ചമല്ലെന്നറിയുക
അത് നിത്യമായി ആത്മാവിന്റെ തടങ്കലിൽ.
ആത്മാ‍വിനാണോ അപ്പോൾ പരമമായ സ്വാതന്ത്ര്യം
എന്നു ചോദിക്കാൻ വരട്ടെ
ആത്മാവ് അപാരതയുമായി എന്നേ ബന്ധിക്കപ്പെട്ടിരിക്കുന്നു!
അപ്പോൾപിന്നെ
എവിടെയാണു പരമമായ സ്വാതന്ത്ര്യമെന്നാണോ?
അറിയില്ല."

ഞാനാതൂവലെടുത്ത് വിറയാർന്ന വിരലുകൾക്കിടയിൽ വച്ച്
സ്വാതന്ത്ര്യം എന്ന അസംബന്ധകവിത
പൂർത്തിയാക്കുന്നു.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Veerankutty

Veerankutty

Kozhikode District, Kerala, India
Close
Error Success