ചില പെരുമഴകൾ Poem by Madathil Rajendran Nair

ചില പെരുമഴകൾ

Rating: 5.0

ഇടവപ്പാതി തുലാവർഷവും വർഷാവർഷം
ഇടവിട്ടിടിവെട്ടി വന്നു നമ്മുടെ നാട്ടിൽ
പ്രളയപ്പുഴകളെങ്ങും ഒഴുക്കിക്കളിക്കുമ്പോൾ,
ശിൽപങ്ങൾ പോലെ ചില പാതങ്ങൾ മാത്രമെന്തേ
ഹൃത്താരിൽ കൂടേറുന്നു മങ്ങാത്ത നിറത്തോടെ?

അതിലൊരുവനതാ കിഴക്കുനിന്നും വരും,
അപരാഹ്നത്തിൽ മേഘജാലമാം തേരുംപൂട്ടി,
പട്ടം കെട്ടിയ വൻകരിനിരകളെയോട്ടി,
പൊട്ടുന്നൊരിടിനാദദുന്ദുഭിഘോഷത്തോടെ,
കൂരിരുൾ കമ്പളത്താൽ ഭൂമിയെ മൂടാൻ, പിന്നെ,
രോഷത്തിലോടും വമ്പൻ തോടുകളൊഴുക്കീടാൻ.

പിന്നെയുണ്ടൊരു മഴ ദിവസം മുഴുവനും
ഇഞ്ചുകളനവധി ഇടവേളകളില്ലാ-
തിടികാറ്റകമ്പടിയില്ലാതെ വരുഷിച്ച്
കുടിലുകൾ ജനജന്തുജാലങ്ങളെ മുക്കി-
യൊഴുക്കി പിറ്റേന്നത്തെ ദിവസപ്പത്രങ്ങളിൽ
മുഴുവെണ്ടക്കാത്തലക്കെട്ടുകൾ ചമക്കുന്നോൻ.

വേറൊരു സുന്ദരനോ, പാതിരാസന്ദർശകൻ,
ഉറക്കം വരാതെ നാം കിടക്കെ എത്തുന്നവൻ,
കാറ്റില്ലാക്കൂരിരുളിൽ ഇലകൾ കാതോർക്കുമ്പോൾ,
കൂറ്റനാമാനയെപ്പോൽ നിശീഥം കണ്ണും കാതും
കൂർപ്പിച്ചു ചാപംവിടും ശരംപോൽ നിൽക്കുന്നേരം,
വനമേഖലമേലെ ദൂരമർമ്മരമായി
പിന്നെ ദ്രുതമടുത്തടുക്കുമൊരിരമ്പലായ്
വന്നു മേൽക്കൂരമേൽ തായമ്പക തകർക്കുന്നോൻ.

വേറുണ്ടൊരു പാതിരാമഴ ഒർക്കാപ്പുറത്ത്
രാവേറെച്ചെന്നീടുമ്പോളെത്തീടും ചൂട്ടും വീശി
അറിയില്ലയാർക്കുമവൻറെ പ്രഭവസ്ഥാനം,
കാലാവസ്ഥാപ്രവാചകർക്ക് അവനതിശയം,
കാറ്റിൻറെ കൂട്ടില്ലാതെ മണിക്കൂറുകൾ പെയ്യും
മിന്നലിടികളുടെ കൃത്യമാം സമന്വയം,
മണ്ണെണ്ണവിളക്കിൻറെ വെട്ടത്തിലാഹ്ളാദത്തിൽ
ഇയാംപാറ്റകളാടിവീണിടും വരാന്തയിൽ
പന്നീർ ശീകരം ശ്വസിച്ചീടുവാൻ ഉറക്കത്തിൽ-
നിന്നും നമ്മളെ വലിച്ചിറക്കിയെത്തിക്കുന്നോൻ.

ഈവിധം പെയ്യും വമ്പൻ മാരികളത്യത്ഭുതം,
സ്തുതിക്കാം തെറ്റാതവരെ അയക്കുന്നവനെ
ഹൃദയങ്ങളെ ഹർഷമധുപൂരിതമാക്കാൻ,
ഗൃഹാതുരത്വരാഗം ഓർമ്മകളിൽ വിതറി
മറക്കാനാവാത്തതാം ചിത്രങ്ങൾ രചിക്കുവാൻ.

ചില പെരുമഴകൾ
This is a translation of the poem Some Downpours by Madathil Rajendran Nair
Wednesday, March 18, 2020
Topic(s) of this poem: rain
POET'S NOTES ABOUT THE POEM
ഞാനെന്നും ഒരു മഴപ്രേമയാണ്.
COMMENTS OF THE POEM
Dr Pintu Mahakul 18 March 2020

When floods flow everywhere, there are only a few paths to sculpture growing up in the dark. Midnight visitors have kept their memories of storm. Thunderstorms still look beautiful when raindrops fall down.Reading a poem in Malayalam language is definitely very interesting. Aromatic spray of downpours deeply motivates poetic mind. We feel the precious moment and we feel the delighted essence. High effort of great poet is highly appreciated.

0 0 Reply
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success