അദൃശ്യപുഷ്പോദ്ഗമം Poem by Madathil Rajendran Nair

അദൃശ്യപുഷ്പോദ്ഗമം

ശൈത്യം വിട ചൊല്ലി,
വസന്തമതാവന്നു,
പക്ഷികൾ പാടിപ്പറന്നിടുന്നു.
ചെറിബ്ലോസങ്ങൾ
രോമാഞ്ചകഞ്ചുകം ചൂടി,
പലനിറപ്പൂവുകൾ
മിഴിതുറന്നു -
ധവളമതിപാടലം,
ഹരിതമാരക്തകം,
പീതപ്രഭാമയം -
വാക്കുകൾ തോറ്റുപോം
പലരാഗസങ്കരം.

ഹേമന്തധ്യാനം കഴിഞ്ഞ്,
ഇലകൾകൊഴിയും തപം വെടിഞ്ഞ്,
ഉണരും തടികളെ, ചില്ലകളെ,
ഒരു കാണാവെളിച്ചമാശ്ലേഷിക്കയായി,
രാഗാർദ്രവർഷമാം ആശിസ്സായി,
ജീവിതം പൂവിളിച്ചാർക്കയായി.

ആദ്യം, മുളക്കുന്ന നാമ്പുകളായ്,
പിന്നെ അടുത്ത ദിവസങ്ങളിൽ,
അല്ല വെറും മണിക്കൂറുകളിൽ,
നാനാനിറമാർന്ന പുഷ്പോദ്ഗമം
ആവിർഭവിച്ചുല്ലസിക്കയായി.

ആദ്യപുഷ്പങ്ങൾ കൊഴിയുമതിൻപിന്നെ
പച്ചിലച്ചാർത്ത് പരക്കും,
മിന്നുന്ന പച്ച, കടുംപച്ച, പച്ചക്കറിയുടെ പച്ച.
മേപ്പിൾ മരങ്ങളിൽ, കാറ്റിലാടും,
ആദ്യത്തെയിലകൾ കൊഴിയും,
ഹരിതാഭതൻ പുതുഹർഷതരംഗങ്ങൾ
പിന്നെയവിടെപ്പടരും.
പലതരം ഭൂതിയണിഞ്ഞ്,
വസന്തമവിടെ വർഷിക്കും
ആയിരം രാഗഹർഷങ്ങൾ,
ഒരു സ്വർഗ്ഗമവിടെപ്പിറക്കും.

പലനിറക്കൊട്ടപ്പഴങ്ങൾ തിങ്ങും
പച്ചപ്പിലേകാന്തവാസത്തിൽ
യതികളെപ്പോലെയൊളിച്ചിരുന്ന
പല കൊച്ചുപാടുംകിളികൾ -
വാലൻ കുരുവികൾ,
ഗാനപതത്രികൾ,
വണ്ണാത്തിപ്പുള്ളുകൾ,
പാറ്റപ്പിടിയന്മാർ,
പലനിറപ്പക്ഷികൾ -
അവരതാ പൊന്തിയെത്തുന്നു,
പാടുന്നു മധുരമായ്,
പാറിപ്പറക്കുന്നു
തെരുവിൻ മുകളിലും,
ഉയരുമകിലുകൾ,
കരയുമരളികൾ,
സൂചിയിലദാരുക്കൾ
ചുംബിച്ചുണർത്തിടുമാകാശസീമയിൽ.
കൂട്ടുകൂടീടാൻ അണയുന്നു കാറ്റുകൾ,
മഞ്ഞുമഴപോലെ വീഴും പരാഗങ്ങൾ.

നഗ്നനേത്രങ്ങൾക്കഗോചരമാമൊരു
രക്തകുസുമം വന്നേറുന്നു രംഗത്തിൽ,
മർത്ത്യശരീരത്തിൽ വാസസ്ഥലം തേടി,
പരമാണുപോലൊരു മാംസ്യാമ്ലമിശ്രം,
ചമത്കാരമോലും സൂക്ഷ്മപ്രഭാങ്കുരം.
ഹാ കഷ്ടം! ലോകം വിറക്കുന്നു ഭീതിയിൽ!

മർത്ത്യൻ മറക്കുന്നു വാസന്തമോദങ്ങൾ,
കൊട്ടിയടച്ചു വീട്ടിന്നുള്ളിൽ മേവുന്നു,
അണുനാശിനിക്കുളങ്ങളിൽ മുങ്ങുന്നു,
ശ്വാസം പിടിച്ചു മുഖംമൂടി കെട്ടുന്നു,
ബന്ധുമിത്രാദിസമ്പർക്കം ത്യജിക്കുന്നു,
ലോകം മരിച്ചപോൽ ആർത്തനായ് കേഴുന്നു.

അമ്മപ്രകൃതിതൻ മാർഗ്ഗം വിചിത്രമാം -
ദൃശ്യവസന്തത്തെ ആനന്ദപൂർണ്ണമാം
കാവ്യങ്ങളിൽ, നാനാരാഗങ്ങളിൽ,
പാടിത്തളരാത്ത ഭാവനയിന്നിതാ
ഏറെ ശബളിതമാകുമൊരാന്തര
പുഷ്പോദ്ഗമത്തെ ശപിക്കുന്നു വ്യാധിയായ്!

മർത്ത്യനെ താതൻ രചിച്ചതെന്തിങ്ങനെ,
അന്തരംഗത്തിൽ ഭയം നിറച്ച്,
വാഴ്വുമുഴുവൻ വിറച്ചുമാഴ്കാൻ,
വായതോരാതെ പതത്രികൾ പാടുമ്പോൾ,
തുമ്പികൾ നർത്തനമാടിടുമ്പോൾ,
നാളെയെയോർത്ത് കരഞ്ഞിടാതെ,
വ്യാകുലം, ഉത്കണ്ഠ തീണ്ടിടാതെ? !

‘അറിയുന്നു ഞാൻ, അതിനാൽ ഞാൻ' എന്ന
പ്രാക്തനജ്ഞാനം തിരുത്തി
ദെക്കാർത്തെ പാടിനടന്നു പണ്ട്:
‘ചിന്തിക്കുന്നു ഞാൻ, അതിനാൽ ഞാൻ' എന്ന്.
പാടുന്നു പതിതൻ മനുഷ്യനിന്ന്:
‘ഭീതൻ ഞാൻ, അതിനാൽ ഞാനെ'ന്നു കഷ്ടം!

This is a translation of the poem Invisible Efflorescence by Madathil Rajendran Nair
Friday, June 26, 2020
Topic(s) of this poem: life,spring,virus
POET'S NOTES ABOUT THE POEM
Happened to be near Seattle, WA, when both spring and corona arrived together!
COMMENTS OF THE POEM
Close
Error Success