സ്വപ്നദേശം Poem by Madathil Rajendran Nair

സ്വപ്നദേശം

Rating: 5.0

വാളയാർ ചുരമൂതീടും കിഴക്കൻ കാറ്റിലൂടവെ
പാലക്കാട്ടിൻ പൂമ്പാവാടത്തലോടലേറ്റു പോകവെ
മലകൾ കാടുകൾ തിങ്ങും വനമേഖലകളിലൂടവെ
അലയടിപ്പൂ ദ്രാവിഡസംസ്കാരമണിയൊച്ചകൾ

ആട്ടം, തുള്ളൽ, കഥകളി തെയ്യം തുള്ളിക്കളിക്കുമ്പോൾ
പാടുന്നുണ്ടല്ലൊ നിർത്താതെ തുഞ്ചൻറെ തത്ത ശീലുകൾ
കൊടിയേറ്റങ്ങൾ പൂരങ്ങൾ വെടിക്കോപ്പിൻ മിന്നൽപ്പിണർ
ഒഡ്യാണം പോലിടക്കിടെ നീളും നിള മറ്റാറുകൾ

നാടൻ പാട്ടിൻ ശീലുകേട്ട് മയങ്ങും കുടജങ്ങളും
ഗ്രാമഭംഗി കുടയേന്തും ആലിന്നാലവട്ടങ്ങളും
കാവിലുത്സവത്തിന്നായി നിരക്കും ഗജവീരരും
തായമ്പകയിരമ്പുന്നു മദ്ദളം പഞ്ചവാദ്യവും

കേരങ്ങൾ കണ്ണാടി നോക്കും കായൽ കുളം തടാകവും
വേഴാമ്പലുകൾ ധ്യാനിക്കും മഴവനാന്തരങ്ങളും
വിത്തും കൈക്കോട്ടും പാടുന്ന വിഷുപ്പക്ഷിയുമായി ഹാ
ശതമേനിക്കുട്ടനാട്ടിൽ രാജമല്ലികൾ പൂക്കയായ്

തിളങ്ങും തിരകൾമീതെ പത്തേമാരിയിറക്കുന്നു
അരയസമൂഹത്തിൻറെ അതിജീവനസൗഹൃദം
ഇരമ്പുന്നു കടലോരം തരിച്ചുനിൽപ്പൂ കേരങ്ങൾ
സ്വർഗ്ഗത്തിലേക്ക് പാലങ്ങൾ കെട്ടുന്നു മഴവില്ലുകൾ

ചെമ്മാനഭംഗിയിൽ സത്യം തിരയും മിനാരക്കീഴിൽ
നിസ്കാരത്തിനിരിക്കുന്നു സ്രഷ്ടാവിൻ സൌഹൃദാവലി
കുരുത്തോലകൾ കൊക്കിലേന്തി നീണ്ട വീഥികൾ തോറുമെ
അരയന്നങ്ങൾ വരവായി ത്യാഗത്തിൻ കഥ പാടുവാൻ

പ്രഭാതം കൺതുറക്കുമ്പോൾ വിജ്ഞാനഭാണ്ഡങ്ങളുമായ്
വിദ്യാഭിക്ഷക്കിറങ്ങുന്നു ഭാവിവാഗ്ദാനമുത്തുകൾ
പുറത്തേയ്ക്കുറ്റുനോക്കുന്ന കടത്തിണ്ണകൾ തോറുമേ
പത്രം വായിച്ചു ചിന്തിപ്പൂ സാക്ഷരത്വപ്രബുദ്ധത

ഇതാണെൻറെ ജന്മദേശം കേരളമാണോമനപ്പേർ
ഇവളെ ഹൃത്തിലേറ്റി ഞാൻ സ്വപനം കണ്ടുനടക്കുവോൻ
ഒരു ദേശാടനപ്പക്ഷി എവിടെ ഞാനിരുന്നാലും
മഴപ്പാട്ടു തേങ്ങുമിവൾ കടൽകാറ്റുകളെത്തിടും

POET'S NOTES ABOUT THE POEM
This describes my native State (Kerala, India)and was submitted for a poetry contest on that theme.Luckily I didn't win.
COMMENTS OF THE POEM
Kumarmani Mahakul 15 August 2019

Kerala is your both motherland and fatherland. You have deep emotion and you have expressed favourable thoughts here. Kerannal Lake looks like a mirror and this gives wonderful reflection. You have excellently penned this poem with dedication. This is a great tribute poem to Kerala....10

1 0 Reply

Immense thanks Ji for your very kind words. You didn't answer my question - Do you read Malayalam?

0 0
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success