സ്വതന്ത്രയായ പക്ഷി കുതിക്കുന്നു...
കാറ്റിനു പുറകിലായി.
അരുവിയിലൊഴുകി നടക്കുന്നു
പ്രവാഹം നിലക്കുന്നതു വരെ.
അത് തന്റെ ചിറകുകൾ
ഓറഞ്ച് സൂര്യരശ്മികളിൽ മുക്കി
ആകാശം തന്റേതെന്ന്
അവകാശപെടാൻ ധൈര്യപ്പെടുന്നു.
പക്ഷേ, ഉൾവലിയൊന്നൊരു പക്ഷി
അതിന്റെ ഇടുങ്ങിയ കൂട്ടിലേക്ക് ചുരുങ്ങുന്നു
അപൂർവ്വമായി മാത്രമതു തിരിച്ചറിയുന്നു
തന്റെ നിസ്സഹായതയുടെ തീവ്രത
അതിന്റെ ചിറകുകൾ കൊളുത്തിനാൽ ബന്ധിച്ചിരിക്കുന്നു
അതിന്റെ കാലുകൾ കെട്ടിയിട്ടിരിക്കുന്നു
അതു പാടാൻ മാത്രമായി കൊക്കുകൾ തുറക്കുന്നു!
കൂട്ടിലടച്ച പക്ഷി പാടുന്നു,
പേടികൊണ്ടു പതറിയ ശബ്ദത്തിൽ
അജ്ഞാതമായ എന്തിനെയോക്കുറിച്ച്! !
എന്നിട്ടും കുറെ നേരത്തേക്ക്
അതിന്റെ ഗാനം തുടരുന്നു.
വിദൂരമായ കുന്നിൻ ചെരിവിൽപ്പോലും
ബന്ധനത്തിലായ പക്ഷിയുടെ
സ്വാതന്ത്ര്യത്തിന്റെ ആലാപനം മുഴങ്ങുന്നു.
സ്വതന്ത്രയായ പക്ഷി ചിന്തിക്കുന്നു
മറ്റൊരു മന്ദമാരുതനെക്കുറിച്ച്.
കിഴക്കൻ കാറ്റ് മൃദുവായി വൃക്ഷങ്ങളെ തലോടുന്നു
മുഴുത്ത പ്രാണികൾ പ്രഭാതത്തിലെ
തിളങ്ങുന്ന പുൽത്തകിടിക്കായി കാത്തിരിക്കുന്നു,
അതടയാളപ്പെടുത്തുന്നു, ആകാശമെന്റെ സ്വന്തം!
എന്നാൽ കൂട്ടിലകപ്പെട്ട ഒരു പക്ഷി
സ്വപ്നങ്ങളുടെ ശവക്കുഴിയിൽ നിൽക്കുന്നു.
അതിന്റെ നിഴൽ ഒരു പേടിസ്വപ്നം കണ്ടലറുന്നു
അതിന്റെ ചിറകുകൾ കുടുക്കിയിട്ടിരിക്കുന്നു
കാലുകൾ ബന്ധിച്ചിരിക്കുന്നു
അത് പാടാൻ വേണ്ടി മാത്രം
മെല്ലെ തൊണ്ടയനക്കുന്നു!
കൂട്ടിലകപ്പെട്ട പക്ഷി പാടുന്നു...
ഭീതിതമായ സ്വരപതർച്ചയോടെ
അജ്ഞാതമായ എന്തിനെയോക്കുറിച്ച്
ഒരൽപം സുദീർഘമായി തന്നെ
അതിന്റെ ഈണം കേൾക്കുന്നു
അതി വിദൂരമായ കുന്നിൻ മുകളിലും
കൂട്ടിലകപ്പെട്ട പക്ഷി....
സ്വാതന്ത്ര്യത്തിന്റെ ആലാപനം.