നിങ്ങൾക്കെന്നെ ചരിത്രത്തിൽ ഇകഴ്ത്തി എഴുതാം,
നിങ്ങളുടെ കയ്പേറിയതും വളച്ചൊടിച്ചതുമായ നുണകളാൽ.
നിങ്ങൾക്കെന്നെ ആഴമുള്ള അഴുക്കുചാലിൽ ചവിട്ടി താഴ്ത്താം,
എങ്കിലും,
ഒരു ധൂളിപ്പോലെ
ഞാനുയർത്തെഴുന്നേൽക്കും
പൊങ്ങിയുയർന്നു പറക്കും.
എന്റെ ആവേശം നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടോ?
നിങ്ങളെന്തിനാണ് അസഹ്യമാം
വിഷാദത്തിലാകുന്നത്,
എന്തുകൊണ്ടെന്നാൽ എന്റെ സ്വീകരണമുറിയിൽ
ഞാൻ നടന്നു കൊണ്ടേയിരിക്കുന്നു
എണ്ണ കിണറിൽ നിന്ന് പുറത്തേക്ക് ആഞ്ഞൊഴുകുന്ന എണ്ണയെപ്പോലെ,
ചന്ദ്രനെപ്പോലെ... സൂര്യനെപ്പോലെ...
വേലിയേറ്റത്തിലുയരുന്ന ശക്തമായ തിരമാലകളെപ്പോലെ.
പ്രതീക്ഷകളെ ഉയർത്തി നിർത്തി
ഞാൻ എഴുന്നേൽക്കും!
ഞാൻ തകർന്നു കാണാൻ നിങ്ങളാഗ്രഹിച്ചിരുന്നോ?
തല കുനിച്ച്, കണ്ണുകൾ താഴ്ത്തി,
വീണുടഞ്ഞ കണ്ണുനീർ തുള്ളികളെപ്പോലെ
അയഞ്ഞ തോളുകളുമായി,
ദുർബ്ബലമായി തീർന്ന ആത്‌മാവിന്റെ രോദനവുമായി
എന്റെ ധാർഷ്ട്യം നിങ്ങളെ ചൊടിപ്പിക്കുന്നുണ്ടോ?
നിങ്ങളതത്ര കാര്യമായെടുക്കരുത്,
കാരണം എന്റെ മുറ്റത്ത് സ്വർണ്ണ ഖനികൾ കണ്ടു കിട്ടിയതുപോലെ ഞാൻ ചിരിക്കും!
നിങ്ങളുടെ വാക്കുകളാൽ നിങ്ങളെനിക്ക് നേരെ നിറയൊഴിക്കും
നിങ്ങളുടെ കണ്ണുകൾകൊണ്ടെന്നെ ഛേദിച്ചുകളയും,
നിങ്ങളുടെ പകയാൽ നിങ്ങളെന്നെ കൊലപ്പെടുത്തും,
എന്നിരുന്നാലും കാറ്റെന്നെപ്പോലെ ഞാനുയർന്നു പറക്കും
എന്റെ ലൈംഗികത നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടോ?
അത് ആശ്ചര്യകരമാണോ?
എന്റെ തുടയിടുക്കിൽ എനിക്ക് വജ്രങ്ങൾ ലഭിച്ചതുപോലെയാണ് ഞാൻ നൃത്തം ചെയ്യുന്നത്!
ചരിത്രത്തിന്റെ ലജ്ജയുടെ കുടിലുകളിൽ നിന്നു ഞാനുയരും,
ഇന്നലകൾ തന്ന വേദനയുടെ വേരുകളിൽ നിന്നും ഞാനുയരും,
ഞാൻ വിശാലവും കുതിച്ചു ചാടുന്നതുമായൊരു കറുത്ത മഹാസമുദ്രമാണ്,
വേലിയേറ്റത്തിലെ ഉയർച്ചയും താഴ്ചയും ഞാനെന്നിലേക്കു തന്നെയൊതുക്കുന്നു.
ഭീകരതയുടെയും ഭയത്തിന്റെയും രാത്രികളേ താണ്ടി ഞാനുയരും...
എന്റെ പൂർവ്വികർ നൽകിയ സമ്മാനങ്ങളുമായി ഞാൻ വരുന്നു...
ഞാൻ അടിമയുടെ സ്വപ്നവും പ്രതീക്ഷയുമാണ്.
ഞാൻ ഉയരുന്നു... ഞാൻ ഉയരുന്നു.