Sara Teasdale 68 - സമുദ്രത്തിൽ നിന്ന് Poem by Unnikrishnan Sivasankara Menon

Sara Teasdale 68 - സമുദ്രത്തിൽ നിന്ന്

Rating: 5.0

സമുദ്രത്തിൽ നിന്ന്

This is Malayalam translation of the poem "From The Sea" by Sara Teasdale.

സൗന്ദര്യമെല്ലാം നിന്നെ എന്നിലേക്ക് വിളിക്കുന്നു, നിനക്കോ,
എന്നടുത്തെത്താൻ രണ്ടായിരം മൈൽ അസ്ഥിരസമുദ്രം താണ്ടണം.
എനിക്കും സ്വർഗ്ഗങ്ങൾക്കുമിടയിൽ വെളിച്ചം മാത്രമുള്ള, വെയിലടിക്കുമീ
കപ്പലിന്റെ മേലേത്തട്ടിൽ ഞാൻ ശ്വസിക്കും കാറ്റുപോലാണ് നീ.
നിന്റെ ആത്മാവിന്റെ സ്പർശം ഞാനറിയുന്നു, വെയിലിൽത്തിളങ്ങുന്ന
കാറ്റിലുലയും മുടിയിഴകളും ആകാംക്ഷയോടെയുള്ള സ്വകാര്യങ്ങളും
പരതും മിഴികളുമറിയവേ, എന്റെ മിഴികളടഞ്ഞുപോകുന്നു.

കേൾക്കൂ, എനിക്ക് നിന്നോട് പ്രണയമാണ്.

പക്ഷേ, നീ മുഖം തിരിക്കുകയോ എന്നെ സ്പർശിക്കുകയോ ചെയ്യരുത്.
സമുദ്രത്തിന്റെ ഉടയാത്ത നീലവൃത്തം ഒന്നു നോക്കിക്കാണുക മാത്രം.
അകലങ്ങളിലേക്ക് നോക്കിക്കൊള്ളു, ഞാനും ഒടിഞ്ഞ ചിറകുമായി
വാക്കുകളകത്ത് പിടയുമെൻ ഹൃദയത്തെ ഒന്ന് സാന്ത്വനപ്പെടുത്തട്ടെ.
അകലങ്ങളിലേക്ക് തന്നെ നോക്കൂ, എന്നിട്ട്, ഞാൻ ഏറെ സംസാരിക്കുക-
യാണെങ്കിൽ, ഞാൻ സംസാരിക്കുകയാണെന്ന കാര്യം തന്നെ മറന്നേക്കൂ.
തിളങ്ങുന്ന കടൽക്കാക്ക കടലിൽ മുങ്ങിപ്പൊങ്ങുമ്പോലെ
ഹർഷിതമായൊരു തിരയ്ക്കൊപ്പം നുരപ്പൂക്കൾ കടൽ വക്കിലേക്ക്,
ലോകത്തിന്റെ അറ്റത്തേക്ക് അരിച്ചൊഴുകുന്നത് നോക്കിനിന്നുകൊള്ളൂ.

നോക്കിനിൽക്കുക മാത്രം!

ഞാനെത്രയോ അശക്തമായൊരു വസ്തുവാണ്, പ്രശംസിക്കുകെന്നെ, -
യെന്തെന്നാൽ തീർത്തും അസാധാരണമാംവിധം ശക്തയാണു ഞാൻ
എൻപ്രണയം വെളിവായ്പറയാതിരിക്കുവാൻ, ക്ഷണിക്കും മിഴികളോ-
ടെൻ നേർക്കു നീ നോക്കിയൊരാ രാവിൽ നിൻമുന്നിൽ മുട്ടുകുത്താൻ
കൊതിച്ചുപോയെങ്കിലും, എൻ കാലിൽ നിവർന്നുനില്ക്കാനും.

ശാന്തയായിരുന്നില്ലേ ഞാൻ?

എൻ പ്രണയം നീ ഊഹിച്ചെടുത്തെങ്കിൽത്തന്നെ
അത് ലോലവും സ്വതന്ത്രവുമാമെന്തോ ഒന്നായി നീ കരുതിയിരിക്കും,
കാറ്റിലിളകും ഫർമരങ്ങളുടെ മർമ്മരം പോലെ മൃദുലവും
നുരകളിൽ പ്രകാശിക്കും നക്ഷത്രങ്ങൾ പോലെ ക്ഷണികവും.
എന്നാൽ, എൻ ഹൃദയത്തിൽ എന്റെ ചിന്തകളെത്തന്നെ കുനിക്കുന്ന
ഒരു കൊടുങ്കാറ്റടിക്കുന്നുണ്ടായിരുന്നു; ഏറ്റവും കുറച്ചുമാത്രം സംസാരിക്കാൻ
ഞാൻ കിണഞ്ഞുശ്രമിച്ചു, കാരണം ഞാനധികം സംസാരിക്കരുതല്ലൊ;
പ്രണയത്തിൻ ഹർഷദമാം നാണക്കേടെന്റെ കൺകളിൽ നിന്നൊഴിച്ചു മാറ്റാനും.
വളരെക്കാലംമുന്പ്, നിന്റെ പേര് ഞാനാദ്യമായ് കേട്ടനാളിലെനിക്ക്
അത് മറ്റ് പേരുകളെപ്പോലെത്തന്നെ തോന്നി, എന്റെ ബോധം നശിച്ചിരുന്നു
സ്വപ്നം കണ്ടുകൊണ്ട് തന്റെ പ്രതിശ്രുതവരനായ സമുദ്രത്തിന്നരികിലേ-
ക്കൊഴുകിയെത്തും പുഴയുടേതെന്നപോലെ; നീയെന്നോട് സംസാരിച്ചപ്പോളെൻ- ജീവിതത്തിൻ ശ്രീകോവിലിൽ പുരോഹിതൻ വന്നതായി ഞാനറിഞ്ഞില്ല.
പക്ഷേ, ഇന്നെനിക്കറിയാം എന്റെ ദൈവത്തിനും എനിക്കുമിടയിൽ
എന്നേക്കുമായ് നീ നിൽപ്പുണ്ടെന്ന്, ദൈവത്തോട് എന്നേക്കാളുമരികെ, വിശ്വാസത്തോടും അത്യന്തം സന്തോഷത്തോടും കൂടിയെന്റെ പെണ്ണാത്മാവ് നിൻകൈകളിൽ വെച്ചുതരുവാൻ ഞാനാശിക്കുന്നു.

ആർക്കാണോ എന്റെ ശരീരംകൊണ്ടോ ആത്മാവുകൊണ്ടോ ഒരു സമ്മാനവും
നല്കാനെനിക്കാവാത്തത്, എന്റെയാ പ്രണയത്തെ കടന്നു ഞാൻ പോകുകയാണ്.
പക്ഷേ, ഇടയ്ക്കെപ്പോഴെങ്കിലും സസ്പൃഹം വിദൂരമെന്നാലാപനം മിഴിനീരി-ലലിഞ്ഞു കാറ്റടിച്ച് നിന്നിലേക്കൊഴുകിയെത്തിയാൽ, അറിയുക
ഞാൻ പാടിയത് നിനക്കുമാത്രം കേൾക്കാനായായിരുന്നെന്ന്,
എന്റെ ഹൃദയത്തിന്നീണമിട്ടവന് വേണ്ടി കാറ്റ് തന്റെ വിദൂരസംഗീതം
കൊണ്ടുവന്നെങ്കിലെന്ന് ഞാനാശിച്ചുവല്ലോ. ഗർഭിണിയായൊരു സ്ത്രീ, ഏകാന്തത്തിൽ വരും ദിനങ്ങളെ സ്വപ്നം കാണവേ തന്റെ കുഞ്ഞ്,
അതിന്റെ പിതാവിന്റെ കണ്ണുകൾക്ക് വിരുന്നാകണമെന്നാഗ്രഹിക്കുംപോലെ.

എന്നാൽ നിന്റെ പേരാദ്യമായ് കേൾക്കുന്നതിനെത്രയോമുമ്പ്
എന്റെ ഗാനങ്ങളിലെ സ്ഥായിയായ രാഗത്തിന്റെ ഈണങ്ങൾ
നിന്നെ തിരിച്ചറിഞ്ഞിരുന്നു, നിന്നെക്കുറിച്ച് പ്രവചിച്ചിരുന്നു
ഒരു ചെറുതീപ്പൊരി തീനാളത്തെ പ്രവചിക്കുമ്പോലെ.
എന്നിട്ടും, കടലിനും ആകാശത്തിനുമിടയ്ക്കുള്ള മഹാശൂന്യതയിൽ
ബന്ധിക്കാനാകാത്തൊരു മേഘംപോൽ ഞാൻ സ്വതന്ത്രയായിരുന്നു,
വെയിൽ നെയ്തൊരു തിരശ്ശീലപോൽ ആഹ്ലാദക്കാറ്റിലാടിയുലഞ്ഞിരിക്കാം.
രാത്രിയിലെ മോഹങ്ങൾ ഞാനറിഞ്ഞില്ല--
നീയെന്നെ ഉണർത്തി, പക്ഷേ ഉറക്കാൻ നിനക്കാവുന്നില്ലല്ലോ.
ലോകത്തെല്ലാമുള്ള എല്ലാ വസ്തുക്കൾക്കും വിശ്രമിക്കാനാവും, എനിക്കൊഴികെ.
തിര തന്റെ ഉടഞ്ഞ നുരക്കിരീടം ഉപേക്ഷിക്കുന്ന ആ കുഞ്ഞിടവേള
അത്രപോലുമെനിക്ക് വിശ്രമിക്കാനാവുന്നില്ലല്ലോ.
എങ്കിലും ചങ്ങാതിമാരുടെയെല്ലാം ശാന്തമാം സ്നേഹം,
ലോകത്തിന്റെ തുളയ്ക്കുന്ന സൗന്ദര്യം നൽകുന്ന സന്തോഷം,
എല്ലാം ഞാനുപേക്ഷിക്കും- ഇനിമേൽ അന്ധത വരിയ്ക്കാം ഞാൻ,
പക്ഷേ, എന്റെ പേരുരയ്ക്കുന്ന നിന്റെ ശബ്ദം എന്റെ ആത്മാവിൽനിന്ന്
തുടച്ചുമാറ്റുവാൻ ഈശ്വരനെ സമ്മതിക്കുന്നതൊഴികെ.

നക്ഷത്രപ്രഭയിൽ നിശ്ചലമായ ഏപ്രിൽ മാസവയലുകൾ നമുക്കായല്ല,
ഇരുട്ടുവീഴും മരങ്ങളിൽ ഒരു കിളിയും നമുക്കായുണർന്നില്ല,
എന്നിട്ടും ആ രാവിൽ നാം നടന്നുതീർത്ത നഗരത്തെരുവ്
നമ്മുടെ പാദങ്ങളിൽ വസന്തത്തിലെ പാടുമഗ്നിയായിത്തോന്നി,
നമ്മുടെ പാതയിൽ വെളിച്ചത്തിന്റെ ഒരു അടയാളം നാം ബാക്കിവെച്ചു,
സ്വർഗ്ഗം നിറയും ഇനിയും പിറക്കാത്ത അല്പായുസ്സായ നക്ഷത്രങ്ങളെ
രാവ് കപ്പലിനുകീഴെ മുക്കിത്താഴ്ത്തുമ്പോഴുള്ള
കടലിലെ തിളക്കം പോലെ മൃദുലമായൊരടയാളം.

POET'S NOTES ABOUT THE POEM
This is one the longest poems of Sara Teasdale. Most of her poems are very short, but definitely crisp. Brevity elevates the beauty of her Love Songs. But this one is very long, and equally beautiful. The ideas, metaphors and rhymes come after one another, so that I read it in go. So did I transliterate it in just one sitting. Loved doing it. Really. My heart still beaming of its beauty.
COMMENTS OF THE POEM

The wonderful experience I have gone through translating this poem into my mother language is beyond words to explain.

0 0 Reply

A great poem on love. I love reading it repeatedly, repeating the pledges of love again and again.

0 0 Reply
Unnikrishnan E S 23 January 2022

What an Ode To Love… A fitting tribute.

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success