Sara Teasdale 83 - ആഗസ്തിലെ ചന്ദ്രോദയം Poem by Unnikrishnan Sivasankara Menon

Sara Teasdale 83 - ആഗസ്തിലെ ചന്ദ്രോദയം

Rating: 5.0

സൂര്യൻ പോയിക്കഴിഞ്ഞിരുന്നു
കനക്റ്റിക്കട്ടിലെ നീലഗിരികൾക്കുമേൽ
ചന്ദ്രൻ ഉദിച്ചുയരുകയായിരുന്നു;
പശ്ചിമാംബരം ചുവപ്പ് പടരുകയായിരുന്നു,
കിഴക്കാകട്ടെ തുടുത്തും;
എന്റെ തലക്കുമീതെ കുരുവിച്ചിറകുകൾ വേഗതയാർന്നു
ഈ വഴിക്കും പിന്നെ ആ വഴിക്കും
മനംപോലെ മാറിമാറി.
അവ ചിലക്കുന്നതു കേട്ടു,
പായുന്നതു കാണുകയും ചെയ്തു
ചിലപ്പോൾ ഒരുമിച്ച്,
മറ്റു ചിലപ്പോൾ ഒറ്റയൊറ്റയായും
ഏതോ മരത്തിൽനിന്ന് പാറിവീഴും
ഇരുണ്ട പൂവിതളുകൾ പോലെ;
മേപ്പിൾമരങ്ങൾ പടിഞ്ഞാറു കാലൂന്നി
ഇരുണ്ട വാനത്തിനെതിരെ
കറുത്ത് രാജകീയമായി വിശ്രമിച്ചു,
പൂക്കൾക്കു താങ്ങാവുന്നതിലധികം കടുംനീലമായി
മടക്കുമടക്കായി കുന്നുകൾ ഇരുണ്ടപ്പോൾ
മങ്ങിയ ചന്ദ്രൻ സ്വർണ്ണവർണ്ണത്തിൽ വളർന്നുവന്ന്
ക്രമേണ മഞ്ഞനിറമായി പരിണമിച്ചു.
തിളങ്ങുന്ന ഒരു കുളത്തിൻകരയിലേക്ക്
കുന്നിറങ്ങി ഞാൻ പോകയായ്, അപ്പോൾ
ആണുങ്ങളുടെ രീതികൾ ഞാൻ മറന്നു
ഈറൻതണുപ്പിയന്ന ലഹരിപിടിപ്പിക്കും
രാസുഗന്ധങ്ങളെന്നിൽ അമിതാഹ്ളാദങ്ങളുണർത്തി.
അഴകേ, കുഞ്ഞുനാൾ മുതൽക്ക് എന്നെ നീ
ഏറെ കോപ്പകളിൽ നിന്ന് കുടിപ്പിച്ച്,
വന്യമായ ലഹരിക്കടിമയാക്കി.
എന്നാൽ അവസാനം വരെ നിന്നെ പ്രണയിക്കു-
ന്നൊരാളെ ഒരു കയ്പിനും വളയ്ക്കാനും
ഒരു സങ്കടത്തിനും കുനിക്കാനും ആവില്ലെന്ന്
എന്നാണെനിക്കിന്നെപ്പോലെ ഉറപ്പുണ്ടായിരുന്നത്?
എന്റെ ജീവശ്വാസവും ചിരിയുമെല്ലാം
മരണത്തിനു മുമ്പിൽ അടിയറ വെക്കണമെങ്കിലും
ഹർഷമൊഴുക്കുന്ന എന്റെ കൺകളും
ഉലയുന്നൊരു തീനാളം പേറുമെൻ ഹൃദയവും
എല്ലാമെന്നെ വിട്ട്, അന്ധവും ഭയാനകവുമാ-
യൊരു പാതയിലൂടെ തിരിച്ചുപോകണമെങ്കിലും
(അങ്ങനെ ഉഗ്രതരമായ അഗ്നിയിലുരുക്കി
എല്ലാം നിന്റെ ആശയ്ക്കൊത്ത് നിനക്ക് പുതുക്കാനാകും)
തണുത്തുറഞ്ഞ അനന്തതയിലൂടെ
എന്റെ ആത്മാവ് തനിച്ചുപോകേണ്ടിവന്നാലും
അത് അവസാനം അപ്രത്യക്ഷമാകിൽ പോലും
അഴകേ, നിന്നെ ഞാൻ ആരാധിച്ചിട്ടുണ്ട്.
ഈയൊരൊറ്റ നാഴിക
എന്റെ എല്ലാ കളവുകൾക്കും പരിഹാരമാകട്ടെ.

COMMENTS OF THE POEM

One of the most celebrated poems of Sara Teasdale

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success