അവരുടെ പാദങ്ങൾ, ഇന്നും
അവളുടെ ശിരസ്സിൽ തന്നെ.
തങ്ങളൊരുക്കിയ പാതാളത്തിൽനിന്ന്
അവളൊരിക്കലും
കൺമിഴിക്കാതിരിക്കാൻ
അവർ കാവൽ നില്ക്കുന്നു,
നിതാന്തജാഗ്രതയോടെ,
പരമകാരുണികനായ
അല്ലാഹുവിന്റെ നാമത്തിൽ!
അഴകുറ്റ, അഴകിയറ്റും ശിരോവസ്ത്രം
തനിക്ക് ചങ്ങലയുടെ
അതിഭാരമാവുന്നതെങ്ങിനെയെന്ന്
അവളിന്ന് തിരിച്ചറിയുന്നു,
ഒരു കൈകൊണ്ട് തൂത്തുമാറ്റാ-
മായിരുന്ന ആ വസ്ത്രശകലം
ഇന്ന് അയുതായുതം കരങ്ങൾക്കു-
മരുതാത്ത തരത്തിൽ തന്റെ
കരചരണങ്ങൾ നിബന്ധി-
ച്ചിരിക്കുന്നതായും അവളറിയുന്നു.
അറിവുമരം പൂവിട്ടത്, എന്നാൽ
അവളുടെ ഹൃദയത്തിൽത്തന്നെയാണ്.
ഇന്നവളുടെ നാവിൽ ശബ്ദമുണർന്നിരിക്കുന്നു
ശബ്ദം അവളാകുന്നു,
പ്രപഞ്ചമെങ്ങും മുഖരിതമാവുന്നു,
ബന്ധിതമാം ഒരു കൈയിൽ നിന്ന്
സ്വതന്ത്രമാം ഒരുകോടി കൈകളുയരുന്നു,
ചങ്ങലകൾ ഭയന്നു തുടങ്ങിയിരിക്കുന്നു!
മനമുരുകുന്ന, മാനമുണരുന്ന വെട്ടത്തിൽ, ഇനി
കൈവിലങ്ങുകളും കാൽച്ചങ്ങലകളും അലിഞ്ഞുതിരും,
ചവിട്ടിയരയ്ക്കും ഘോരപാദങ്ങൾ പൊട്ടിത്തകരും,
അല്ലാഹുവിന്റെ സൗമ്യദീപ്തി അവൾക്കനുഗ്രഹമാകും!
Notes:
ഇറാനിൽ, ശിരോവസ്ത്രം 'ശരിയായി' ധരിച്ചില്ലെന്ന കുറ്റത്തിന് മതപൊലീസ് കസ്റ്റഡിയിലെടുത്ത് വധിച്ചുകളഞ്ഞ 22 വയസ്സുള്ള മഹ്സ അമിനി എന്ന പെൺകുട്ടി ഇന്ന് ലോകമെങ്ങും പെൺ സ്വാതന്ത്ര്യവാഞ്ഛയുടെ പ്രതീകമായിരിക്കുന്നു. ഇറാനിലെ പുരുഷകേന്ദ്രീകൃത (ഭ) രണകൂടത്തിനോടുള്ള പ്രതിഷേധം കനക്കുമ്പോൾ ലോകം മുഴുവൻ അവൾക്കൊപ്പമുണ്ട്. ഈ ചെറുകവിത അവൾക്കുവേണ്ടി.
ചില വിശദീകരണങ്ങൾ ആവശ്യമാണെന്നു തോന്നുന്നു:
1. 'അവളുടെ ശിരസ്സിൽ': പെൺശിരസ്സിലണിയുന്ന ശിരോവസ്ത്രം (ഹിജാബ്) ആൺകോയ്മയുടെ പാദപാതമായി അവളെ എന്നെന്നും പുരുഷനൊരുക്കിയ നരകത്തിൽ തടവിലിടുന്നു. മഹാബലിയുടെ കഥ സൂചിതം.
2. 'അവളൊരിക്കലും / കൺമിഴിക്കാതിരിക്കാൻ': മനുനീതിയുടെ ദുർവ്യാഖ്യാനം
पिता रक्षति कौमारे भर्ता रक्षति यौवने ।
रक्षन्ति स्थविरे पुत्रा न स्त्री स्वातन्त्र्यमर्हति ॥
This poem has not been translated into any other language yet.
I would like to translate this poem