Parenthood Poem by Suresh Kumar EK

Parenthood

Rating: 5.0

രക്ഷിതാവ്
- - - - - - - - -
അച്ഛനായ്, അമ്മയായൊരുകുഞ്ഞിന്റെ
രക്ഷിതാവായിത്തീരുകയെന്ന ഭാഗ്യം
പൂർണ്ണമായൊരു മനുഷ്യാവസ്ഥയാകുന്നു.

ഒരേ സമയം ദ്വൈത രൂപത്തിൽ
നിങ്ങളായിരിക്കുന്ന അവസ്ഥയും,
നിങ്ങളില്ലാതാകുന്ന അവസ്ഥയുമാണത്.

ഊഷ്മള സ്നേഹം പെയ്യും വലിയൊരു
തണുതണൽ മരമായി ചുറ്റിലും വളരാം,

ജ്വലിക്കും വെയിലെല്ലാം സ്വന്തം
തലയിലേറ്റു മെല്ലെ മെല്ലെ തിളക്കാം,

സൂര്യതാപങ്ങളുള്ളിലേറ്റിയറിയാതെ
ഊർജമായി മാറ്റിയവർക്കായി നൽകാം,

കൊഴിഞ്ഞു വീണില്ലാതാകുമിലകളിൽ
ദുഃഖിക്കാതെയെന്നും പുഞ്ചിരിയ്ക്കാം,

വിടരുന്ന പൂവിന്റെ സ്വപ്നങ്ങളെല്ലാം
ചുംബിച്ചുണർത്തുന്ന പൂമ്പാറ്റയാവാം,

വിലോലമാം സ്വപ്നങ്ങളിൽ നിറഞ്ഞു
വികൃതി പൂക്കുന്നതാസ്വദിച്ചു ജീവിക്കാം,

കാലമാം പടുവൃക്ഷത്തിൽ നിന്നും
സ്വയം പൊട്ടിയടർന്ന വിത്തുകളെങ്ങോ
പറന്നകന്നു മഹാവൃക്ഷങ്ങളായ് മാറുവാൻ
സ്വയം വളമായിത്തീരുന്നതാസ്വദിക്കാം,

ഉള്ളിലെപ്പോഴും സ്നേഹത്തിന്റെ
കനൽ മെല്ലെ പൊള്ളിക്കുന്നതറിയാം,
ആരോ വീശി വീശിത്തെളിക്കുമ്പോൾ
ജ്വാലകൾ നെഞ്ചിലാളുന്നതുമറിയാം,

മഴയിലും മായാത്ത പടരുന്ന തീയുടെ
വേദനിക്കും പൊള്ളലിൻ സുഖമറിയാം,

പൊള്ളുന്നൊരാത്മാവിന്റെയുള്ളിൽ
അനന്തമാം സാധ്യതകളെയെല്ലാമറിഞ്ഞു
സുന്ദരമായൊരു സ്വപ്നം നെയ്തു കൂട്ടാം,

അകന്നു പോകും വർഷ മേഘങ്ങളെ
പുഞ്ചിരിച്ചയക്കുന്ന കടലായി മാറിയോരോ
ദൈവകല്പിത നിയോഗങ്ങളറിയാം.

എപ്പോഴും എവിടെയും എങ്ങിനെയും
എടുത്തണിഞ്ഞിറങ്ങിപ്പോകാവുന്ന
സുന്ദരമായ വേഷമല്ല രക്ഷിതാവ്.

നമ്മളെ നമ്മളായ് മാറ്റിത്തീർക്കുന്ന
ദൈവത്തിനുജ്വലമാന്ത്രികവിദ്യയാണത്.

COMMENTS OF THE POEM
Prasana Mp 14 December 2020

Parenting is a great task Assigned by GOD FINE POEM

0 0 Reply
Sk Nambiar 14 December 2020

The beautiful poem elevates Parenting to a Godly level

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success