(This is a translation of the poem 'Christmas Carol' by Sara Teasdale)
ഒന്നാംതരം യെർമിൻ ഫർ വസ്ത്രങ്ങൾ ധരിച്ച
രാജാക്കന്മാർ വന്നത് തെക്കു ദൂരെ നിന്നായിരുന്നു;
അവർ പൊന്നും രത്നങ്ങളും വിലയേറിയ മുന്തിരിച്ചാറും
അവന് സമ്മാനമായി കൊണ്ടുവന്നു.
ദൂരെ വടക്കു നാടുകളിൽ നിന്നാണ് ആട്ടിടയന്മാർ വന്നത്,
അവരുടെ വസ്ത്രങ്ങൾ പഴകി തവിട്ടുനിറം പൂണ്ടതായിരുന്നു;
അവനായവർ കൊണ്ടുവന്നത് നവജാതരായ കുഞ്ഞ് ആട്ടിൻ-
കുട്ടികളെയായിരുന്നു; അവരുടെ പക്കൽ സ്വർണ്ണമില്ലായിരുന്നു.
മഹാജ്ഞാനികൾ വിദൂരപൂർവ്വദേശങ്ങളിൽ നിന്ന് വന്നു,
അവർ തൂവെള്ള വസ്ത്രങ്ങളാണ് ഉടുത്തിരുന്നത്;
ആ ദൂരമത്രയും അവർക്ക് വഴി കാട്ടിയ ദേവതാരം
ആ രാവിനെ മഹത്തരമാക്കിത്തീർത്തു.
ദൈവദൂതന്മാർ സ്വർഗ്ഗരാജ്യത്തുനിന്ന് വന്നു
അവരുടെ വസ്ത്രങ്ങൾ അവരുടെ ചിറകുകൾ തന്നെയായിരുന്നു;
സ്വർഗ്ഗവാസികൾ മുഴുവനും ആലപിക്കുന്ന മനോഹര-
സ്തുതിഗീതങ്ങളാണ് അവർ കൊണ്ടുവന്നത്.
രാജാക്കന്മാർ അധികാരത്തോടെ കതകിൽ മുട്ടി
ഒപ്പം ജ്ഞാനികളും അകത്തു കടന്നു
ഇടയന്മാർ അവരെ പിൻതുടർന്ന് ഉള്ളിൽ കയറി
സ്വർഗ്ഗീയഗാനാലാപനം തുടക്കം മുതൽ അവരും കേട്ടു.
രാത്രി മുഴുവൻ മാലാഖമാർ പാടിക്കൊണ്ടിരുന്നു
രാവിലെ സൂര്യനുദിക്കും വരെ;
പക്ഷേ, പാട്ട് തീരും മുന്പേ തന്നെ
കുഞ്ഞു യേശു ഉറക്കമായി.
This poem has not been translated into any other language yet.
I would like to translate this poem
Rarely does Sara Teasdale write about religion. Here we have one. Enjoyable.