അനദ്യോമിനി
This is a translation in Malayalam of the poem ‘ Anadyomene ' by Sara Teasdale.
വിശാലവും ഉജ്ജ്വലവുമായ
പ്രപഞ്ചക്ഷേത്രം ഞാൻ കണ്ടെത്തി
വിഭ്രാമകമാം അനന്തതയിലൂടെ
ഞാനകത്തു കടന്നു,
നിനക്കുമുന്പിൽ മുട്ടുകുത്തി
നിന്നെ ആരാധിക്കാനായി;
സംഗീതമാലപിക്കും താരങ്ങളെത്തൻ
അക്ഷീണപ്രദക്ഷിണവഴികളിലെ
രജതദ്യുതിഭരമാമീണങ്ങളോലും
വർത്തുളഗീതങ്ങളിൽത്തന്നെ വിട്ടു,
അളന്നുപകുത്ത തനതിടങ്ങളിൽ
തിരിതെളിയും ശ്രീകോവിലുകളിൽ
ദൈവങ്ങൾക്കുമുന്പിൽ ഒരുപോലെ
കനിവ് പെരുകാനായ് യാചിക്കുന്ന
അറിവിയന്ന മനുജരെയും മന്ദബുദ്ധികളെയും
അവിടെത്തന്നെ ഞാൻ വിട്ടുവെച്ചു.
ഓ! അഫ്രൊഡൈറ്റി, അനന്തശൂന്യത-
യ്ക്കു കുറുകെ, നിന്നിൽനിന്നു-
തന്നെയല്ലേ എനിക്കുള്ള വിളി വന്നത്?
മനുഷ്യവദനങ്ങളിൽ ഞാൻ
നിന്മുഖം തെരയുന്ന ഇക്കാലത്ത്,
പ്രണയത്തിൻ മാതാവേ, നീ-
യെന്നിൽ നിന്ന് മുഖം തിരിക്കരുതേ!
കേൾക്കൂ നീയെന്നർത്ഥന, നക്ഷത്ര-
ഖചിതമാമിടങ്ങളിൽ ഒഴുകി നടക്കാനായ്
വീണ്ടുമെന്നാത്മാവിനെ സ്വതന്ത്രമാക്കൂ.
This poem has not been translated into any other language yet.
I would like to translate this poem