ശരത്കാലത്തിലെ പ്രണയം
This is a translation in Malayalam of the poem ‘Love In Autumn' by Sara Teasdale
തെന്നിനീങ്ങുന്ന ചവറ്റിലകളിൽ ഞാൻ തെരഞ്ഞു
ഒരിക്കൽ പച്ചയായിരുന്ന, സ്വർണ്ണനിറമുള്ള ഇലകളിൽ,
പ്രണയം അവയ്ക്കിടയിൽ പതുങ്ങിയൊളിച്ചിരിക്കുന്നുവോയെന്നും
ഇടയ്ക്കിടെ തലയുയർത്തി എത്തിനോക്കുന്നുവോയെന്നും കാണുവാൻ.
എന്തെന്നാൽ
മെയ്മാസത്തിലെ വെള്ളിവർഷത്തിലൂടെയും
ഗ്രീഷ്മത്തിലെ അത്യുഷ്ണത്തിലൂടെയും
നിഷ്ഫലമായ് ഞാൻ തെരഞ്ഞു, അവന്റെ സ്വർണ്ണശിരസ്സും
അതിവേഗത്തിൽ പറക്കും ലഘുപാദങ്ങളും.
ഒരുപക്ഷേ, ലോകമാകെയും നഗ്നമാകുമ്പോൾ
ഹേമന്തം ക്രൂരമായ് ഭൂമിയിൽ പിടിമുറുക്കുമ്പോൾ
പ്രണയം, ഒളിക്കാനൊരിടം കാണാതെ
ഓടിവന്നെന്റെ കൈ പിടിക്കുമായിരിക്കും.
അപ്പോൾ ഞാനവനെ സ്വീകരിക്കില്ല
എന്റെ പെരുമാറ്റത്തിൽ കയ്പും തണുപ്പും കാണും
ലോകത്തിനു മുഴുവൻ പ്രായമേറിയതു കണ്ട്
ഉല്ലസിക്കാനുള്ള സമയം കഴിഞ്ഞുപോയെന്നറിയണം.
അതിനാൽ, ഒളിച്ചിരിക്കും കുഞ്ഞുപ്രണയമേ, പുറത്തുവരൂ
ശരത്കാലം പോകും മുമ്പ് മുന്നോട്ടു വരൂ
ഈ കെട്ട വഴികളിൽക്കൂടി നടന്നു നമുക്ക് തെരയാം
ഈ തോട്ടത്തിലെ അവസാനത്തെ ചെമ്പനിനീർപ്പൂ.
This poem has not been translated into any other language yet.
I would like to translate this poem