തരുക്കൾ, തരുക്കൾ,
ഉണങ്ങിയതും പച്ചയും.
മനോഹരമായ മുഖമുള്ള ആ പെൺകുട്ടി
ഒലീവ് പഴങ്ങൾ പറിക്കാൻ പുറത്തിറങ്ങി.
മട്ടുപ്പാവുകളിലെ കാമസുന്ദരനാം മാരുതൻ
അവളുടെ അരയ്ക്കുപിടിച്ച് തന്നോടുചേർത്തു.
നീലയും പച്ചയും നിറമുള്ള ഉടുപ്പുകൾ ധരിച്ച്
വലിയ ഇരുണ്ട തൊപ്പികൾ വെച്ച്
ആൻഡല്യൂസിയൻ കുട്ടിക്കുതിരകളിൽ
നാലു സവാരിക്കാർ കടന്നുപോയി,
'വരൂ, കൊർഡോബയിലേക്ക് പോകാം, സുന്ദരിക്കുട്ടി'.
പെൺകുട്ടി അവരെ ശ്രദ്ധിച്ചതേയില്ല.
ഓറഞ്ചിന്റെ നിറമുള്ള ഉടുപ്പുകളണിഞ്ഞ്
പ്രാക്തന രജത ഖഡ്ഗങ്ങളുമായി
നതമദ്ധ്യരായ മൂന്ന് കാളപ്പയറ്റുകാർ കടന്നുപോയി,
'വരൂ സുന്ദരിക്കുട്ടി, സെവീല്യയിലേക്ക്.'
പെൺകുട്ടി അവരെ ശ്രദ്ധിച്ചതേയില്ല.
നേരം ഉച്ചതിരിഞ്ഞ് ഇരുണ്ട തവിട്ടുനിറമായപ്പോൾ
ചിതറുന്ന വെളിച്ചത്തോടൊപ്പം
പനിനീർപ്പൂക്കളും ചന്ദ്രനിലെ മർഡ്ളുമണിഞ്ഞ്
ഒരു യുവാവെത്തി അവളെ വിളിച്ചു,
'വരൂ സുന്ദരിയായ കുമാരി,
നമുക്ക് ഗ്രാനഡയിലേക്ക് പോകാം.'
ഇപ്പോഴും പെൺകുട്ടി അയാളെ ഗൗനിച്ചില്ല.
സുന്ദരമായ മുഖമുള്ള ആ പെൺകുട്ടി
ഒലീവ് പഴങ്ങൾ പറിച്ചുകൊണ്ടേയിരുന്നു,
കാറ്റിന്റെ നരച്ച നിറമുള്ള കൈകൾ
അവളുടെ അരയിൽ ചേർത്തുപിടിച്ചിരുന്നു.
മരങ്ങൾ, മരങ്ങൾ
ഉണങ്ങിയതും പച്ചയും.