ധർമ്മായനം(Malayalam) Poem by Joy Vazhayil

ധർമ്മായനം(Malayalam)

"ധർമ്മത്തിൻ രഥവുമാ-
യെത്തി ഞാൻ, സ്വർഗ്ഗം നിൽപ്പൂ
ധർമ്മസൂര്യനാമങ്ങേ-
ക്കാണുവാൻ ക്ഷമാപൂർവം."

കേട്ടിതേ വിധം സ്വരം കണ്ണുകൾ തുറന്നു ഞാൻ
ക്ഷീണിതൻ, ചാരെക്കണ്ടു പ്രോജ്ജ്വലമൊരു രൂപം.
വെള്ളിപോൽ വിളങ്ങുന്നു ചുറ്റിലും ഗിരിശൃംഗ-
വിൺതുടിപ്പുകൾ, ഞാനീ കൈലാസമേൽക്കൂരയിൽ
ദേവശൈലത്തിൽ നിൽക്കേ, യറിഞ്ഞൂ വക്താവിനെ;
ദേവനായകനല്ലോ തൻരഥവുമായ് ചാരെ.

പിറകിൽ നോക്കീ ഞാനെൻ നിഴലായ് നില്പൂ നായ,
പുറപ്പെട്ടപ്പോൾമുതൽ കൂടെയുണ്ടവൻ സദാ.
സഹജന്മാരെല്ലാരും വീണുപോയ്, വരിഷ്ഠയാം
സഹധർമ്മിണിയുമാ വഴിയേ പോയീ മുന്നേ.
"അവരില്ലാതെന്തിനു സ്വർഗ്ഗ, "മെന്നാരാഞ്ഞു ഞാൻ,
"അവരെല്ലാരും സ്വർഗ്ഗം പൂകി, "യെന്നായി ശക്രൻ.
"എങ്കിലെന്നനുഗാമിയാകുമീ ശ്വാവെക്കൂട്ടാൻ
ഏകുകങ്ങനുവാദ, "മെന്നു ഞാനർത്ഥിക്കവേ,
ചുളിഞ്ഞൂ മുഖം ദേവ, "നെന്തിതു രാജൻ, സ്വർഗ്ഗ-
പുരിയെയവിടുന്നു തെരുവായ് കാണുന്നുവോ?
കൃമികീടങ്ങൾ, മൃഗജാതികളിവയ്ക്കെല്ലാം
ത്രിദിവമപ്രാപ്യമെന്നറിവോനല്ലേ ഭവാൻ?
ധർമ്മരാജാവാമങ്ങേയ്ക്കവിടെ സുസ്വാഗതം
നർമ്മമായതു മാറും ശ്വാനനെക്കൂട്ടിച്ചെന്നാൽ."

നടന്നു ക്ഷീണിച്ചേറെയവശൻ നായ്, കൺകളാൽ
വിടചൊല്ലും പോലെന്തോ മൊഴിയുന്നനക്ഷരം.
എന്തു ഞാൻ ചെയ്യേണ്ടതെന്നോർക്കവേ, പായുന്നെന്റെ
അന്തരത്തിലേക്കൊരു കൊള്ളിയാൻ വെട്ടം ദ്രുതം.
"ദേവരാജനാമങ്ങു ചൊന്നതു പരമാർത്ഥം,
പാവനം തവാലയം; പാതകം നിന്ദിക്കുകിൽ.
ചെയ്യുകില്ലൊരിക്കലുമതു ഞാൻ, എന്നാലങ്ങു
ചെയ്യുമോ തവദാസനെനിക്കൊരുപകാരം?
പ്രാണനെക്കളഞ്ഞാലും, മോക്ഷവും വെടിഞ്ഞാലും
പ്രാണിയെൻ വിശ്വസ്തനെ വെടിയി, ല്ലതെൻ ധർമ്മം.
ദേവനാട്ടിലേയ്ക്കങ്ങു ക്ഷണിച്ചൂ, കൃതജ്ഞൻ ഞാൻ;
പാവമീ നായയ്ക്കൊത്തു പോകട്ടേ പാതാളത്തിൽ?
സ്വർഗ്ഗത്തെ നിന്ദിക്കാന, ല്ലെൻ ധർമ്മം സംരക്ഷിക്കാൻ,
സ്വർഗ്ഗവും നിലകൊള്ളുമാധാരമുറപ്പിക്കാൻ.
പോവുക ദിവ്യാത്മാവേ, പോവുകെൻ സഹജർക്കു
ഭാവുകമാശംസിപ്പേ, നറിയിച്ചാലും ഭവാൻ! "

പെട്ടെന്നു പ്രകൃതിയെൻ ചുറ്റിലും ഭാവം മാറി,
പെട്ടെന്നു രൂപം മാറി നായയുമെന്തത്ഭുതം!
ധർമ്മദേവനാം കാലം നിൽക്കുന്നൂ കൺമുന്നിലെൻ
വന്ദ്യനാം പിതാവല്ലോ, കാൽതൊട്ടു നമിക്കവേ
ചൊല്ലുന്നൂ ചരിതാർത്ഥചിത്തനായ് പിതാ, "വെന്റെ
ചൊല്ലെഴും തനയനെ, ന്നാശിസ്സു നല്കട്ടേ ഞാൻ.
ജീവിതകുരുക്ഷേത്രം താണ്ടി നീ, ധർമത്തിനായ്
നേടിയ ജയത്തിനാൽ മൃത്യുവെ ജയിച്ചല്ലോ.
മകനേ, യൊരിക്കൽ ഞാൻ കാട്ടിൽ വെ, ച്ചാ ധർമത്തിൻ
മികവു സംശോധിച്ചതോർമയിലെത്തുന്നിപ്പോൾ.
ദാഹനീരന്വേഷിച്ചു പോയ നിൻ സഹോദര-
രേവരും മൃതന്മാരായ് ശയിക്കേ, നീ വന്നെത്തി.
യക്ഷനായ് നിന്നോടന്നു ചോദ്യങ്ങൾ ചോദിച്ചൂ ഞാൻ,
തൽക്ഷണമതിന്നെല്ലാമുത്തരം പറഞ്ഞു നീ.
മരിച്ച സഹജരിലൊരുവൻ ജീവിക്കുമെ-
ന്നുരച്ചേൻ, - നകുലനെ മതിയെ, ന്നന്നോതി നീ.
അമ്മമാർക്കിരുവർക്കും മക്കളെക്കൊടുക്കുവാൻ
ധർമ്മത്തിൻ നാരായത്താൽ കാലത്തിലെഴുതി നീ.
മകനേ, ഗണിച്ചീല വീരരാം സഹോദരർ
മൃതരായ്ത്തീരും രണ്ടു പേരെന്നു നീതിജ്ഞൻ നീ.
നായ തൻ വിശ്വസ്തത ജയിച്ചൂ സ്വർഗ്ഗത്തിന്റെ
നായകനേയും, തവധർമ്മത്തിൻ തുലാസിന്മേൽ.
ധന്യനാം പിതാവു ഞാൻ, പോവുകീ രഥത്തിൽ നീ,
ധർമ്മത്തിൻ രാജാവിനെക്കാത്തിരിപ്പല്ലോ സ്വർഗ്ഗം."

ധർമ്മായനം(Malayalam)
Sunday, November 19, 2017
Topic(s) of this poem: epic
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success