സ്വകാര്യം(Malayalam) Poem by Joy Vazhayil

സ്വകാര്യം(Malayalam)

മഴ കലമ്പിടാതുള്ള നിശീഥിനി,
മൊഴിയിലകളുതിരാത്ത ശാഖികൾ,
നിഭൃതവായുവാം മഞ്ജുമലർവനി,
നിറനിലാനോട്ടമെത്താ നികുഞ്ജകം,
കഥയിലെങ്ങോ മറഞ്ഞ നീഹാരിക,
കലികകളിൽ കുളിർത്ത കമലിനി,
പറക, നിന്നടുത്തേയ്ക്കെന്റെ ജീവന്റെ
പറവയെത്തി സ്വകാര്യമോതട്ടെയോ?

ഹൃദയകർണികയോമനിച്ചോമനി-
ച്ചുദയവേളയെക്കാത്തിരുന്നെത്രനാൾ.
പറയുവാ, നൊന്നുയർന്നു പറക്കുവാൻ
ചിറകടിച്ചപ്പൊഴൊക്കെയും മിന്നലിൻ
കനകദണ്ഡിനാൽ കാർമേഘമായതിൻ
കനവു തട്ടിത്തെറിപ്പിച്ചതില്ലയോ?
വെറുതെയെങ്ങോ നിലാവു പെയ്യുന്നുവോ,
വെറുതെ കണ്ണീർശലഭം വിരിഞ്ഞുവോ,
വെറുതെ കർപ്പൂരനെഞ്ഞകമാളിയോ,
വെറുതെ കാരകിൽമണ്ണു പുകഞ്ഞുവോ?

എവിടെയല്പം നിശ്ശബ്ദത, യൊച്ചകൾ
എറിയുമീപ്പടക്കങ്ങളിലല്ലാതെ?
എവിടെയുണ്ടു സ്വകാര്യത, സന്ധ്യകൾ
എരിയുമീപ്പുരവീഥിയിലല്ലാതെ?
ഉയരെ നക്ഷത്രപട്ടണം ചുറ്റുവാ-
നുയിരണച്ചു പറന്നു നാം പോകിലോ.
അകലെ മാരിവിൽ നെഞ്ഞോടുചേർക്കുവാൻ
അകമലിഞ്ഞു നാം യാത്രതിരിക്കിലോ.
അവിടെ വൃക്ഷത്തലപ്പിലെ ചേക്കയി-
ലൊരു മിന്നാമിന്നിദീപം തെളിയുമോ?

Sunday, November 19, 2017
Topic(s) of this poem: love and dreams
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success