വെളിച്ചം സ്പർശിച്ച ബാലൻ(Malayalam) Poem by Joy Vazhayil

വെളിച്ചം സ്പർശിച്ച ബാലൻ(Malayalam)

അവൻ ഒരു കൊച്ചുബാലനായിരുന്നു.
അകക്കണ്ണുകൾക്ക് കാഴ്ചയും
ഉൾക്കാതുകൾക്ക് കേൾവിയുമുള്ളവൻ.

ഒരുദിവസം
അവൻ
ജനങ്ങളുടെ ദേവാലയത്തിൽ പോയി.
അവിടെ ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു.
ദേവാലയത്തിൽ ഉയരെ
സിറിയസ് നക്ഷത്രം പോലെ
ഒരു വെളിച്ചം
ജ്വലിച്ചുനില്ക്കുന്നത്
അവൻ കണ്ടു.
ആ വെളിച്ചം സ്പർശിക്കുവാൻ
ജനങ്ങളെല്ലാം
ഓരോ ദണ്ഡ് കരുതിയിരുന്നു.
അവന്റെ കയ്യിൽ മാത്രം അതുണ്ടായിരുന്നില്ല.
അവനു നിരാശ തോന്നി.

എല്ലാവരും ദണ്ഡുകളുയർത്തി
വെളിച്ചത്തെ തൊടാൻ പരിശ്രമിച്ചുകൊണ്ടിരുന്നു.
എന്നാൽ അവരുടെ ദണ്ഡുകൾ
വെളിച്ചത്തോടടുക്കുമ്പോൾ
അപ്രത്യക്ഷമാവുകയായിരുന്നു.
അവ ഇരുളുകൊണ്ടു
കടഞ്ഞെടുത്തവയായിരുന്നു.

അവനും വെളിച്ചത്തെ തൊടാൻ
കൊതിതോന്നി.
അവന്റെ കുഞ്ഞുകൈകൾ
നിഷ്കളങ്കതയുടെ ധവളദണ്ഡു പോലെ
മുകളിലേക്കുയർന്നു.
വെളിച്ചം സ്നേഹപൂർവം പുഞ്ചിരിക്കുന്നത്
അവൻ കണ്ടു.
പിന്നെ അതുമെല്ലെ
താണുതാണുവന്ന്
അവന്റെ കരങ്ങളിൽ തൊട്ടു.
അപ്പോഴാണ് അവന് അതു മനസ്സിലായത്.
മറ്റുള്ളവരാരും
ആ വെളിച്ചം
കാണുന്നതുതന്നെയുണ്ടായിരുന്നില്ല.
കാണാത്ത വെളിച്ചത്തിലേക്കാണ്
അന്ധതയുടെ ഇരുണ്ട ദണ്ഡുകൾ
അവർ ഉയർത്തിപ്പിടിച്ചത്.

വെളിച്ചം തൊട്ടപ്പോൾ അവൻ പ്രകാശിച്ചു.
അവൻ ജ്ഞാനിയെന്ന് എല്ലാവരും പറഞ്ഞു.
പിന്നെ എല്ലാവരും ചേർന്ന്
അവനെ
ദേവാലയത്തിൽ നിന്ന് പുറത്താക്കി
വാതിലടച്ചു.

തെരുവീഥിയിലൂടെ
ഏകാന്തനായി
ദു: ഖിതനായി നടന്നപ്പോൾ
അവൻ മുകളിലേക്കു കണ്ണുകളുയർത്തി.
അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട്
വെളിച്ചം
മുകളിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു.

വെളിച്ചം സ്പർശിച്ച ബാലൻ(Malayalam)
Sunday, November 19, 2017
Topic(s) of this poem: god,goodwill
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success