Neruda 01 - നീ എന്നെ മറക്കുകിൽ Poem by Unnikrishnan Sivasankara Menon

Neruda 01 - നീ എന്നെ മറക്കുകിൽ

Rating: 5.0

നീ എന്നെ മറക്കുകിൽ

നീയിതറിയണമെന്നാ-
ണെനിക്കാഗ്രഹം.

നിനക്കറിയാമല്ലോ
കാര്യങ്ങളെങ്ങനെയെന്ന്.
ഞാനാ പരൽച്ചന്ദ്രനെ,
എൻജാലകത്തിലെ ചുവന്ന
മെല്ലെയിളകും ശരത്കാല-
തരുശാഖയെ നോക്കുകിൽ,
നെരിപ്പോടിനരികിൽ
തൊട്ടാലറിയാത്ത ചാരത്തിലോ
വിറകു കഷണത്തിൻ ചുളിഞ്ഞദേഹത്തിലോ
ഞാനൊന്നു സ്പർശിക്കുകിൽ,
എല്ലാമെന്നെ നിന്നിലേയ്ക്കെത്തിക്കുന്നു.
സുഗന്ധങ്ങൾ, വെളിച്ചം, ലോഹങ്ങൾ
എന്നിങ്ങനെ, ഉള്ളതെല്ലാം
എനിക്കായി കാത്തിരിക്കും
നിൻ കുഞ്ഞു ദ്വീപുകളിലേക്ക്
പായ വിരിച്ചൊഴുകും ചെറു-
വഞ്ചികളാണെന്നതുപോൽ.

എന്നിരിക്കിലും
കുറെശ്ശെ കുറെശ്ശെയായി
നീയെന്നെ പ്രണയിക്കുന്നത് നിർത്തുകിൽ
ഞാനും
കുറച്ചുകുറച്ചായിത്തന്നെ
നിന്നെ പ്രണയിക്കുന്നതു നിർത്തും.

എന്നാൽ
നിനക്കെന്നോടുള്ള പ്രണയം
പെട്ടെന്നവസാനിപ്പിക്കുകിൽ
നീയെന്നെ തിരയാതെകൂടിയിരിക്കുകിൽ,
അതിനുമുമ്പുതന്നെ
ഞാൻ നിന്നെ മറന്നിരിക്കും.

എൻജീവനിലൂടെ വീശും
വാർത്താവാഹകരാം വാതങ്ങൾ
ഉന്മത്തദീർഘമെന്നു നീ കരുതുകിൽ,
എന്റെ വേരുകളുള്ള ഹൃദയതീരത്ത്
എന്നെ വിട്ടുപോകാൻ നീ നിനക്കുകിൽ,
ഓർത്തുകൊള്ളൂ,
ആ നാളിൽ, അപ്പോൾത്തന്നെ അതേ മണിക്കൂറിൽ,
എന്റെ കരങ്ങൾ ഞാനുയർത്തിയിരിക്കും,
എന്റെ വേരുകൾ മറ്റൊരു കര തേടിപ്പോകയും ചെയ്യും.

എന്നാൽ
ഓരോ ദിനവും
ഓരോ മണിക്കൂറിലും
കറയറ്റ ഇനിമയോടെ
നീയെനിക്കുമാത്രം വിധിക്കപ്പെട്ടതെന്നു
നീ നിനക്കുകിൽ,
ഓരോ നാളുമെന്നെത്തേടി
ഒരു പൂവ്
നിന്നധരങ്ങളിൽ വരെ കയറിയെത്തുകിൽ,
എൻപ്രണയിനീ, എന്റെ സ്വന്തമേ,
എന്നിൽ ആ അഗ്നിയെല്ലാം ആവർത്തിക്കപ്പെടുകയാവും,
എന്നിൽ ഒന്നും അണയുകയോ
മറവിയിൽപ്പോകയോ ചെയ്യുകില്ല.
പ്രിയേ, എന്റെ പ്രണയം
നിന്റെ പ്രണയത്തിൽ നിന്നാണല്ലോ ഊർജ്ജമാളുന്നത്.
എന്നല്ല,
നിനക്കു ജീവനുള്ള കാലം വരെ
അത് നിന്റെ കരങ്ങൾക്കകം തന്നെയിരിക്കും,
എന്റെ കൈകൾ വിടാതെ തന്നെ.

This is a translation of the poem If You Forget Me by Pablo Neruda
Thursday, April 14, 2022
COMMENTS OF THE POEM

Pablo Neruda… If You Forget Me….

0 0 Reply

Translation of the Much-Translated profound famous poem of Neruda. Just an attempt..

0 0 Reply
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success